കിളിമാനൂരില്‍ ബൈക്കിന് പിന്നില്‍ ഥാര്‍ ജീപ്പ് ഇടിച്ച്‌ ഉണ്ടായ അപകടം; ഭാര്യക്ക് പിന്നാലെ ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു; പോലീസ് പ്രതികളെ സംരക്ഷിക്കുന്നു; മരിച്ച രജിത്തിന്‍റെ മൃതശരീരവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ

Spread the love

തിരുവനന്തപുരം: കിളിമാനൂരില്‍ ഥാർ ജീപ്പ് ഇടിച്ച്‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കിളിമാനൂർ കുന്നുമ്മേല്‍ സ്വദേശി രജിത്ത് (39) ആണ് മരിച്ചത്. ബൈക്കില്‍ രജിത്തിനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യ അംബിക കഴിഞ്ഞ 7ന് മരിച്ചിരുന്നു. ഈ മാസം 3ന് കിളിമാനൂർ പാപ്പാലയില്‍ വച്ചായിരുന്നു അപകടം. രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ഥാർ ജീപ്പ് ഇടിയ്ക്കുകയായിരുന്നു.

video
play-sharp-fill

രജിത്തിന്‍റെ മൃതശരീരവുമായി നാട്ടുകാർ കിളിമാനൂരില്‍ എംസി റോഡ് ഉപരോധിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ രജിത്തിന്‍റെ ഭാര്യയുടെ തലയിലൂടെ ഥാർ ജീപ്പ് കയറിയിറങ്ങി. ശേഷം കുടുങ്ങിയ ബൈക്കുമായി ജീപ്പ് 400 മീറ്ററോളം അപകടകരമായി ഓടിച്ച്‌ തെരുവ് വിളക്കിന്‍റെ പോസ്റ്റില്‍ ഇടിച്ചു. ഇടിച്ചതിന് ശേഷം നിർത്താതെ പോയ ഥാർ ജീപ്പ് 5 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വച്ച്‌ നാട്ടുകാർ തടയുകയായിരുന്നു. ഈ വാഹനത്തില്‍ നിന്നും മദ്യ ലഹരിയിലായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഇയാളെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടു. വാഹനത്തില്‍ നിന്നും രണ്ട് ഉന്നതരുടെ ഐഡി കാർഡുകളും കണ്ടെത്തിയിരുന്നു. ഉന്നതരെ സംരക്ഷിക്കാൻ കിളിമാനൂർ പൊലീസ് ശ്രമിച്ചുവെന്ന് മരിക്കുന്നതിന് മുമ്പ് രജിത്ത് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ നാളിതുവരേയും ഒരാളെപ്പോലും കിളിമാനൂർ പൊലീസ് പിടികൂടിയിട്ടില്ല. രജിത്തിന്‍റെ ഭാര്യ അംബികയുടെ മരണത്തിന് ശേഷം സമ്മർദ്ദങ്ങളെ തുടർന്നാണ് പൊലീസ് നരഹത്യയ്ക്കുള്ള വകുപ്പ് ചേർത്തത്. ഇന്നലെ രാത്രി പൊലീസ് പിടിച്ച പ്രതിയുടെ ഥാർ വാഹനം രാത്രിയില്‍ ആരോ കത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group