
കൊല്ലം: കൊല്ലത്തെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി മരിച്ച സാന്ദ്രയുടെ കുടുംബം രംഗത്ത്. മരിക്കുന്നതിന്റെ തലേ ദിവസം സാന്ദ്ര വിളിച്ചിരുന്നുവെന്നും സായി ഹോസ്റ്റലില്‍ ജയിലില്‍ ഇട്ട പോലെയായിരുന്നു ജീവിതമെന്നും സാന്ദ്ര പറഞ്ഞിരുന്നുവെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സായി സെന്ററില്‍ നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് സാന്ദ്ര തങ്ങളോട് പറഞ്ഞിരുന്നെന്ന് കുടുംബം അറിയിച്ചു. മരിച്ച സാന്ദ്രയും വൈഷ്ണവിയും തമ്മില്‍ സൗഹൃദം ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. രണ്ട് കുട്ടികളുടേയും ആത്മഹത്യാക്കുറിപ്പിലും ഒരേ കൈയക്ഷരമാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് സാന്ദ്രയുടെ കുടുംബം ഉറച്ച് വിശ്വസിക്കുന്നത്. സായ് സെന്ററില്‍ അധ്യാപകരില്‍ നിന്നുള്‍പ്പെടെ പലവില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സാന്ദ്ര വീട്ടുകാരോട് പറഞ്ഞിരുന്നു. കുട്ടിയുടെ മരണം പോലും സായ് സെന്റര്‍ അധികൃതര്‍ വളരെ വൈകിയാണ് തങ്ങളെ അറിയിച്ചത്.
മുമ്പുണ്ടായിരുന്ന വാർഡൻ സാന്ദ്രയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് ആ വാർഡൻ മാറി ആ വാർഡനെ വിളിക്കാൻ പാടില്ലെന്ന് സായി ഇൻചാർജ് രാജീവ് ആവശ്യപ്പെട്ടു. വിളിച്ചാല്‍ മോളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സമഗ്ര അന്വേഷണം വേണമെന്നും സാന്ദ്രയുടെ അമ്മ സിന്ധു ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലത്ത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയും തൂങ്ങി മരിച്ചത്. പുലർച്ചെ 5 മണിയായിട്ടും സായിയിലെ കായിക പരിശീലനത്തിനായി തയ്യാറാകേണ്ട സമയമായിട്ടും രണ്ട് പെണ്‍കുട്ടികളെ കണ്ടില്ല. പരിശോധിച്ചപ്പോഴാണ് ഹോസ്റ്റല്‍ മുറി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന് വാർഡനും മറ്റുള്ളവരും ചേർന്ന് മുറി തള്ളിത്തുറന്നു. ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയുമാണ് മരിച്ചത്. മൃതദേഹത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍ ദുരൂഹതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. മൊഴികള്‍ അടക്കം ശേഖരിച്ച് ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.



