
കൊല്ലം: കൊല്ലത്ത് മുഖത്തല നടുവിലക്കരയില്‍ ആളിപടർന്ന തീ അണക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്‌കൻ വെന്തുമരിച്ചു. കാവനാട് സ്വദേശി ദയാനിധിയാണ് ( 55) മരിച്ചത്. പുരയിടത്തില്‍ തീയിട്ടത് ആളിപടരുന്നത് കണ്ട് ദയാനിധി തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചിരുന്നു എന്നാൽ ഫയർഫോഴ്സും നാട്ടുകാരും എത്തും മുൻപ് ദയാനിധി തീ അണയ്ക്കാൻ ശ്രമിച്ചതാണ് അപകടത്തില്‍ കലാശിച്ചത്.
തീ പടരുന്നത് കണ്ട് കന്നാസിലുള്ള വെള്ളം തീയിലേക്ക് ഒഴിക്കുന്നതിനിടയിൽ നിലത്തേക്കുവീണ് പൊള്ളലേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുരയിടത്തിനോടുചേർന്ന് ഉടമസ്ഥതയിലുള്ള വീട് ദയാനിധി വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെ ഇടയ്ക്കുവന്ന് പുരയിടം വൃത്തിയാക്കുന്ന ശീലം ഇയാള്‍ക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ട്. തുടർനടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.



