
ലക്നൗ: ഉത്തർപ്രദേശില്‍ എസ്‌ഐആർ ജോലിക്ക് ബിഎല്‍ഒ ആയി നിയോഗിക്കപ്പെട്ട അധ്യാപകൻ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. മോദി സയൻസ് ആൻഡ് കൊമേഴ്‌സ് ഇൻറർ കോളജിലെ ബയോളജി അധ്യാപകൻ ലാല്‍ മോഹൻ സിംഗ്(58) ആണ് മരിച്ചത്.
മോഡിനഗറിലെ നെഹ്‌റു നഗറിലുള്ള വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സാഹിബാബാദ് നിയമസഭാ മണ്ഡലത്തിലെ എസ്‌ഐആർ ജോലിക്കാണ് അദ്ദേഹത്തെ നിയോഗിച്ചത്. എസ്‌ഐആർ ജോലികള്‍ എങ്ങനെയും പൂർത്തിയാക്കണമെന്ന് മേലധികാരികള്‍ അദ്ദേഹത്തിന് കർശന നിർദേശം നല്‍കിയിരുന്നുവെന്ന് കോളജ് പ്രിൻസിപ്പല്‍ സതീഷ് ചന്ദ് അഗർവാള്‍ പറയുന്നു.
ലാല്‍ മോഹന് അസുഖമുണ്ടായിരുന്നുവെന്നും വീടുകള്‍ തോറും കയറിയിറങ്ങിയുള്ള ജോലിയെ തുടർന്ന് അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും സതീഷ് ചന്ദ് അഗർവാള്‍ വ്യക്തമാക്കി.


