പ്രതിഷേധക്കാര്‍ ഹോട്ടലിന് തീയിട്ടു; നാലാം നിലയില്‍ നിന്ന് ചാടിയ ഇന്ത്യൻ തീര്‍ത്ഥാടക മരിച്ചു

Spread the love

കാഠ്മണ്ഡു:  നേപ്പാളിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ തീയിട്ട ഹോട്ടലിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ ഇന്ത്യൻ തീർത്ഥാടകയ്ക്ക് ദാരുണാന്ത്യം.ഗാസിയാബാദില്‍ നിന്നുള്ള 55കാരി രാജേഷ് ഗോലയാണ് മരിച്ചത്. അതേസമയം ഇവരുടെ ഒപ്പം ചാടിയ ഭർത്താവ് രാംവീർ സിംഗ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

സെപ്തംബർ ഏഴിനാണ് രാജേഷ് ഗോലയും രാംവീർ സിംഗും കാഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാൻ എത്തിയത്. സെപ്തംബർ ഒമ്ബതിന് ‘ജെൻ- സി’ പ്രക്ഷോഭകരുടെ പ്രതിഷേധം അക്രമാസക്തമായപ്പോള്‍ ഇരുവരും ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുകയായിരുന്നു. പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടതോടെ ദമ്ബതികള്‍ നാലാം നിലയില്‍ കുടുങ്ങി. മറ്റ് മാർഗമില്ലാതായപ്പോള്‍ രക്ഷപ്പെടാൻ അവർ ജനാലയിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.

തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കാൻ രക്ഷാപ്രവർത്തകർ ഹോട്ടലിന് താഴെ കിടക്കകള്‍ വിരിച്ചെങ്കിലും രാജേഷ് ഗോല വീണത് ഇതിന് വെളിയിലായിരുന്നു. നേപ്പാള്‍ അധികൃതർ ഇവരുടെ മകൻ വിശാലിനെ ഫോണിലൂടെയാണ് വിവരം അറിയിച്ചത്. രാജേഷ് ഗോലയുടെ മൃതദേഹം ഗാസിയാബാദിലെ മാസ്റ്റർ കോളനിയിലുള്ള അവരുടെ വീട്ടിലേക്ക് ഇന്ന് കൊണ്ടു പോകുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group