പുത്തൂരിൽ തെരുവിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Spread the love

കാസർഗോഡ് : നിർമാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തിയ ദേശീയപാത 66ലെ ഒന്നാം റീച്ചിൽ മൊഗ്രാൽ- പുത്തൂരിൽ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ വടകര നാദാപുരം റോഡ് സ്വദേശി അക്ഷയ് (30), മണിയൂർ പതിയാരക്കര സ്വദേശി അശിൻ(26) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. ക്രെയിൻ ഉപയോഗിച്ച് തെരുവ് വിളക്ക് സ്ഥാപിക്കുകയായിരുന്നു അക്ഷയും അശ്വിനും. തെരുവുവിളക്ക് ഉറപ്പിക്കാനായി നിന്നിരുന്ന ക്രെയിൻ ബോക്‌സ് തകർന്നാണ് അപകടം. സർവീസ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും അക്ഷയ് അപ്പോഴേക്കും മരിച്ചിരുന്നു. അൽപസമയത്തിന് ശേഷം അശ്വിനും മരിച്ചു. കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.