
പത്തനംതിട്ട:12 വര്ഷം ആറ്റുനോറ്റുണ്ടായ ഏകമകന്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കുടുംബം. ഓണപ്പരീക്ഷ അവസാനവിഷയം എഴുതിയശേഷം ഉച്ചയ്ക്ക് സ്‌കൂളിലെ എട്ട് വിദ്യാര്‍ഥികളാണ് കല്ലറക്കടവിലെത്തിയത്.
കുടിവെള്ളപദ്ധതിക്കുവേണ്ടി കെട്ടിയ തടയണയുടെ മുകളില്‍കയറി നിന്നപ്പോള്‍ കാല്‍വഴുതി അജ്‌സല്‍ ആറ്റിലേക്ക് വീണു. കൂട്ടുകാരന്‍ ഒഴുകിപ്പോകുന്നത് കണ്ടതോടെ രക്ഷിക്കാന്‍ നബീല്‍ ചാടുകയുമായിരുന്നു. കണ്ടുനിന്ന മറ്റ് കുട്ടികളുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയച്ചത്.
പത്തനംതിട്ട ചിറ്റൂര്‍ തടത്തില്‍ എന്‍.എം. അജീബിന്റെയും സലീനയുടെയും ഏകമകന്‍ എം. അജ്‌സല്‍ അജീബ് (14) ആണ് മരിച്ചത്. പത്തനംതിട്ട ഓലിപ്പാട്ട് വീട്ടില്‍ ഒ.എച്ച്.നിസാമിന്റെയും ഷെബാനയുടെയും മകന്‍ നബീല്‍ നിസാമിനെയാണ് കാണാതായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികളാണ്. പത്തനംതിട്ട കല്ലറക്കടവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.
നബീല്‍ നിസാമിനുവേണ്ടി വൈകീട്ടുവരെ തിരഞ്ഞെയെങ്കിലും കണ്ടെത്താനായില്ല.
പത്തനംതിട്ട, ചെങ്ങന്നൂര്‍ അഗ്‌നിരക്ഷാസേന സ്‌കൂബാടീമുകളാണ് തിരച്ചില്‍ നടത്തിയത്. ആറ്റിലേക്ക് വീണിടത്തുനിന്ന് നൂറുമീറ്റര്‍ അകലെനിന്നാണ് 3.50-ഓടെ അജ്‌സലിന്റെ മൃതദേഹം കണ്ടെടുത്തത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കബറടക്കം ബുധനാഴ്ച ഒന്നിന് പത്തനംതിട്ട ടൗണ്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. നബീലിനായുള്ള തിരച്ചില്‍ ബുധനാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കുമെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു
.
പത്തനംതിട്ട: ഒരു ക്ലാസില്‍ ഒരു മനവുമായി പഠിച്ച കൂട്ടുകാര്‍. കല്ലറക്കടവ് തടയണയില്‍ അച്ചന്‍കോവിലാറ്റിലേക്ക് വീണ അജ്‌സലിനെയും നബീലിനെയും അധ്യാപകര്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. അതുകൊണ്ടുതന്നെ അജ്‌സല്‍ വെള്ളത്തില്‍ ജീവനായി പിടയുന്നത് കണ്ടുനില്‍ക്കാന്‍ നബീലിനായില്ല.
പത്തനംതിട്ട മര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയ സമയം മുതല്‍ ഇരുവരും ഉറ്റസുഹൃത്തുക്കളാണെന്ന് അധ്യാപകര്‍ പറയുന്നു. ഒന്‍പതാം ക്ലാസിലെ ബി ഡിവിഷനില്‍ ഇരുവരും അടുത്തടുത്ത ഇടങ്ങളിലാണ് ഇരുന്നത്. ഉച്ചഭക്ഷണവും വീട്ടിലേക്കുള്ള യാത്രയും ഒരുമിച്ച്. ഓണം പൊളിക്കുമെന്ന് പറഞ്ഞായിരുന്നു ഇരുവരും പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് പോയത്.
മണിക്കൂറുകള്‍ക്ക് ശേഷമാണ് ദുരന്ത വാര്‍ത്തയെത്തുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഒന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് സഹപാഠികള്‍.