
കായംകുളം: ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ട് രണ്ടുമാസം, ഇതുവരെയായിട്ടും യാതൊരു വിവരവുമില്ല ഒടുവിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി.
കണ്ണമ്പള്ളി ഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനിയെ (45) ജൂണ്‍ 11ന് രാവിലെ 11ന് ബാങ്കില്‍ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയശേഷം ഒരു വിവരവുമില്ലായിരുന്നു.
ഇവർ സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് കനറാ ബാങ്കില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഇവർക്ക് ആകെ മൂന്നു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. സി സി ടി വി പരിശോധിച്ചതില്‍ നിന്ന് ഇവർ ബാങ്കില്‍ പോയില്ലെന്ന് വ്യക്തമായി. ഓട്ടോറിക്ഷയില്‍ കായംകുളത്ത് വന്നിറങ്ങിയ ശേഷം റെയില്‍വേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് പോകുന്ന ദ്യശ്യങ്ങളും ലഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രഞ്ജിനി മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാത്തതിനാല്‍ ആ വഴിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് പൊലീസ് പറയുന്നു. ഭാര്യയെ കാണാതായതോടെ വിനോദ് മാനസികമായി തകർന്നിരുന്നു. ഭാര്യ തിരിച്ച് വരണമെന്നും ബാദ്ധ്യതകള്‍ തീർക്കാമെന്നും കരഞ്ഞ് പറയുന്ന പോസ്റ്റ് വിനോദ് നവമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വിനോദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: വിഷ്ണു, ദേവിക.