play-sharp-fill
വെള്ളത്തിൽ മുങ്ങിത്താഴുന്ന മകനെ രക്ഷിക്കാൻ തോട്ടിൽചാടി: അമ്മയും രണ്ടരവയസുകാരനും ദാരുണമായി മുങ്ങി മരിച്ചു; അമ്മയും മകനും മരിച്ചത് കടുത്തുരുത്തി കുഴിയാഞ്ചാലിൽ

വെള്ളത്തിൽ മുങ്ങിത്താഴുന്ന മകനെ രക്ഷിക്കാൻ തോട്ടിൽചാടി: അമ്മയും രണ്ടരവയസുകാരനും ദാരുണമായി മുങ്ങി മരിച്ചു; അമ്മയും മകനും മരിച്ചത് കടുത്തുരുത്തി കുഴിയാഞ്ചാലിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വീടിനുള്ളിലെ മറപ്പുരയിൽ കുളിച്ച ശേഷം പുറത്തേയ്ക്കിറങ്ങി വന്ന അമ്മ കണ്ടത്, കൺമുന്നിലെ തോട്ടിൽ മുങ്ങിത്താഴുന്ന പിഞ്ചോമനെയെയാണ്. മകൻ മുന്നിൽ പിടഞ്ഞു മരിക്കുന്നത് കണ്ട് മകനെ രക്ഷിക്കാൻ വെള്ളത്തിലേയ്ക്കു ചാടിയ അമ്മയും ദാരുണമായി മരിച്ചു. രണ്ടര വയസുകാരനും അമ്മയുമാണ് അതിദാരുണമായി മുങ്ങി മരിച്ചത്.

കടുത്തുരുത്തി കുഴിയാഞ്ചാലിൽ വലിയകുളത്തിൽ രാജേഷിന്റെ (അനീഷ്) ഭാര്യ ഓബി (34)യും മകൻ അദ്വൈതുമാണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഓബിയുടെ ഭർത്താവ് രാജേഷ് കിണർ നിർമ്മാണ തൊഴിലാളിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹം രാവിലെ തന്നെ ജോലിയ്ക്കു പോയിരുന്നു. ഉച്ചയോടെ വീട്ടിലെ ജോലികൾ തീർത്ത ശേഷം ഓബി കുളിക്കാൻ മറപ്പുരയിൽ കയറി. ഈ സമയം മകൻ അദ്വൈത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീടിനു മുന്നിലായാണ് കുഴിയാഞ്ചാൽ തോട്.

ഓബി കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുട്ടി തോട്ടിലേയ്ക്കു വീഴുന്നതാണ് കണ്ടത്. തുടർന്നു, ഇവരും പിന്നാലെ ചാടുകയായിരുന്നതായാണ് നിഗമനമെന്നു കടുത്തുരുത്തി സി.ഐ ശിവൻകുട്ടി തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. നാലരയോടെ അയൽവാസികളാണ് ഓബിയുടെ മൃതദേഹം തോട്ടിൽ കണ്ടത്. തുടർന്നു, വിവരം പൊലീസിൽ അറിയിച്ചു.

പൊലീസും അഗ്നിരക്ഷാ സേനാ അധികൃതരും നാട്ടുകാരും സ്ഥലത്ത് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോർട്ടം തിങ്കളാഴ്ച നടക്കും. സംസ്‌കാരം പിന്നീട്.