മാങ്ങാനം ഐപിസി സെമിനാരിയ്ക്കു സമീപത്തെ വയോധികയുടെ മൃതദേഹം: മരിച്ച വയോധികയെ തിരിച്ചറിഞ്ഞു; മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

മാങ്ങാനം ഐപിസി സെമിനാരിയ്ക്കു സമീപത്തെ വയോധികയുടെ മൃതദേഹം: മരിച്ച വയോധികയെ തിരിച്ചറിഞ്ഞു; മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ


കോട്ടയം: മാങ്ങാനം പാലൂർപ്പടിയിലെ ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ സെമിനാരിയ്ക്കു പിന്നിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സമീപ വാസിയായ വയോധികയെ എന്ന് പൊലീസ്. അയൽവാസിയും തനിച്ച് താമസിക്കുന്നവരുമായ പുതുപ്പള്ളി എള്ളുകാലായിൽ സരസ്വതിഅമ്മയെ (65)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഇന്ത്യൻ പെന്തക്കോസ്ത് സഭയുടെ സെമിനാരിയ്ക്കു പിന്നിലെ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പുറത്തെടുത്ത മൃതദേഹത്തിന് അഞ്ചു ദിവസത്തിലേറെ പഴക്കവുമുണ്ടായിരുന്നു. ഇതേ തുടർന്ന് മൃതേദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മാർട്ടം നടത്തിയപ്പോൾ മൃതദേഹത്തിൽ അസ്വാഭാവികമായ പരുക്കുകളൊന്നും കണ്ടെത്താൻ സാധിച്ചില്ല. തോട്ടിൽ വീണ് വെള്ളത്തിൽ മുങ്ങിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തോട്ടിലെ വെള്ളം തന്നെയാണ് ആമാശയത്തിലുള്ളതെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. 
എന്നാൽ, മൃതദേഹം തിരക്കി ആരും എത്താതിരുന്നതിനെ തുടർന്ന് പൊലീസ് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ തിരിച്ചറിഞ്ഞത്. പെന്തക്കോസ്ത് സെമിനാരിയുടെ എതിർവശത്തായാണ് ഇവർ താമസിക്കുന്ന വീട്. വീട്ടിൽ മക്കളാരും താമസിക്കുന്നില്ല. ഇവർ തനിച്ച് താമസിക്കുന്നതിനാൽ അയൽവാസികൾ ആരും തന്നെ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കാറുമില്ല. കഴിഞ്ഞ ദിവസവും വീടിന്റെ വാതിൽ തുറന്ന് കിടന്നിരുന്നത് നാട്ടുകാർ കണ്ടിരുന്നു. എന്നാൽ, സരസ്വതിയമ്മ വീട്ടിലുണ്ടാകാമെന്ന ധാരണയിൽ നാട്ടുകാർ അന്വേഷണം നടത്തിയതുമില്ല. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തന്നെയാണ് മരണപ്പെട്ടതെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് എത്തിയ സരസ്വതിയമ്മയുടെ ബന്ധുക്കളും മക്കളും മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.