മകനൊപ്പം വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെ കാണാതായ വീട്ടമ്മയുടെ മൃതദേഹം ആറ്റിൽ: മണർകാട്ട് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത് തൊടുപുഴയിൽ; സംഭവത്തിന്റെ തുമ്പ് കണ്ടെത്താനാവാതെ പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: മകനൊപ്പം വിദേശത്തേയ്ക്ക് പോകാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെ കാണാതായ വീട്ടമ്മയുടെ മൃതദേഹം തൊടുപുഴയിൽ മൂവാറ്റുപുഴയാറ്റിൽ കണ്ടെത്തി. വീട്ടിനുള്ളിൽ ഭർത്താവിനോട് സംസാരിച്ചുകൊണ്ടിരുന്ന, മകന്റെ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരുന്ന വീട്ടമ്മയുടെ ദുരൂഹ തിരോധാനത്തിനും മരണത്തിനും കാരണം കണ്ടെത്താനാവാതെ അന്തം വിട്ട് പൊലീസ്.
പാമ്പാടി വെള്ളൂർ മഠത്തുംകുന്നേൽ മോളി (ഏലിയാമ്മ – 56)യെയാണ് മാർച്ച് 16 ശനിയാഴ്ച മുതൽ കാണാതായത്.
ഏലിയാമ്മയും ഭർത്താവും, മകന്റെ അഞ്ചു മാസം പ്രായമുള്ള കുട്ടിയും മാത്രമാണ് വീട്ടിലുള്ളത്. ശനിയാഴ്ച രാവിലെ ഇവർ വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ മോളി പുറത്തേയ്ക്ക് ഇറങ്ങിപ്പോകുകയായിരുന്നു. ഇപ്പോൾ തിരികെ വരാമെന്ന് പറഞ്ഞു പോയതാണ് മോളി. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവരെപ്പറ്റി വിവരമില്ലാതെ വന്നതോടെയാണ് ബന്ധുക്കൾ വൈകുന്നേരത്തോടെ എത്തി പാമ്പാടി പൊലീസിൽ പരാതി നൽകി. തുടർന്ന് പാമ്പാടി പൊലീസ് സംഘം ഇവരുടെ ചിത്രം സഹിതം പൊലീസ് വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ വിശദാംശങ്ങൾ കൈമാറി. ഏലിയാമ്മയെ കാണാനില്ലെന്ന് കാട്ടി കേസും രജിസ്റ്റർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച പുലർച്ചെയാണ് തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടതായും, ഇതിന് ഏലിയാമ്മയുമായി സാമ്യമുണ്ടെന്നും സന്ദേശം ലഭിച്ചത്. തുടർന്ന് പാമ്പാടി പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇതിൽ നിന്നും മൃതദേഹം ഏലിയാമ്മയുടേതാണെന്ന് ഉറപ്പിച്ചു. തുടർന്ന് ബന്ധുക്കളെ വിളിച്ചു വരുത്തി മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് ഇവിടെ ആശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റി. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം മാർച്ച് 19 ചൊവ്വാഴ്ച വടവാതൂർ മാർ അപ്രേം പള്ളി സെമിത്തേരിയിൽ നടക്കും.
ഏലിയാമ്മ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ, പാമ്പാടിയിൽ നിന്നും തൊടുപുഴ വരെ പോയി ഏലിയാമ്മ ജീവനൊടുക്കണ്ടകാര്യമുണ്ടോ എന്നതാണ് പ്രധാനമായും ഉയരുന്ന സംശയം. എന്തിന് ഏലിയാമ്മ തൊടുപുഴയിൽ പോയി. എങ്ങിനെ പോയി. ആത്മഹത്യ ചെയ്തതാണെങ്കിൽ അതിനുള്ള കാരണമെന്ത് തുടങ്ങിയ സംശയങ്ങൾക്കൊന്നും ഉത്തരം നൽകാൻ പൊലീസിനും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഏലിയാമ്മയുടെ മരണത്തിൽ സംശയങ്ങൾ വീണ്ടും ഉയരുന്നത്. അടുത്ത മാസം മകനൊപ്പം വിദേശത്തേയ്ക്ക് പോകുന്നതിനായി ഇവർ തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. ഇതിനിടൈയാണ് അപ്രതീക്ഷിതമായി മരണം എത്തിയത്.