നടക്കാനിറങ്ങിയ അച്ഛൻ തിരികെ എത്താൻ വൈകി: തേടിയിറങ്ങിയ മകൻ കണ്ടത് അച്ഛന്റെ മൃതദേഹം..! സംഭവം കോട്ടയം താഴത്തങ്ങാടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: പതിവ് പുലർകാല നടത്തത്തിനിറങ്ങിയ അച്ഛൻ മടങ്ങിയെത്താൻ വൈകിയപ്പോൾ, തേടിയിറങ്ങിയ മകൻ കണ്ടത് ആറ്റിൽ മരിച്ചു കിടക്കുന്ന അച്ഛന്റെ മൃതദേഹം. തിരുവാർപ്പ് ഇല്ലിക്കൽ കൊണ്ടേക്കേരിൽ കുര്യനെ (ലാവിച്ചൻ -73) യാണ് ശനിയാഴ്ച രാവിലെ ഇല്ലിക്കൽ പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
എല്ലാ ദിവസവും പുലർച്ചെ കുര്യൻ നടക്കാൻ പോകാറുണ്ടായിരുന്നു. ഇന്നലെയും പതിവ് പോലെ കുര്യൻ നടക്കാനിറങ്ങി. ഇല്ലിക്കലിൽ നിന്നും കുമ്മനം റോഡിലൂടെയാണ് കുര്യൻ ദിവസവും നടക്കുന്നത്. ശനിയാഴ്ച പുലർച്ചെ നടക്കാനായി പോയ കുര്യനെ എട്ടു മണി കഴിഞ്ഞിട്ടും കാണാനിയില്ല. തുടർന്ന് മകൻ പ്രതീഷ് കുര്യൻ അച്ഛനെ തേടി ഇറങ്ങുകയായിരുന്നു. മീനച്ചിലാറ്റിൽ ഇല്ലിക്കൽ പാലത്തിനു സമീപത്തെ കടവിൽ എത്തിയപ്പോൾ, അച്ഛന്റെ ചെരുപ്പ് കടവിൽ കിടക്കുന്നത് കണ്ടു. തുടർന്ന് സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് ആറ്റിൽ കിടക്കുന്ന നിലയിൽ അച്ഛന്റെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് കുമരകം പൊലീസിനെയും അഗ്നിരക്ഷാ സേനാ അധികൃതരെയും പ്രതീഷ് തന്നെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ അഗനിരക്ഷാ സംഘം മൃതദേഹം പുറത്തെടുത്തു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ കുഞ്ഞുമോൾ കുര്യൻ. മകൻ – പ്രതീഷ് കുര്യൻ, മകൾ – പ്ലാബി കുര്യൻ.