തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. അസഭ്യം വിളിയും പോർ വിളികളുമായി കുട്ടികൾ സ്‌കൂളിനു മുന്നിലെ റോഡിനെ യുദ്ധക്കളമാക്കുകയായിരുന്നു. സ്‌കൂൾ തുറന്ന് ഒരു മാസത്തിനിടെ മൂന്നാം തവണയാണ് നഗര പരിധിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏ്റ്റുമുട്ടുന്നത്. നേരത്തെ കുടമാളൂരിൽ സ്‌കൂൾ തുറന്നതിന്റെ പിറ്റേ ദിവസം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വി്ട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിദ്യാർത്ഥികൾ തമ്മിൽ നഗരമധ്യത്തിൽ ഏറ്റുമുട്ടിയത്.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാരാപ്പുഴ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ്, മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിലെത്തി ഈ സ്‌കൂളിലെ വിദ്യാർത്ഥികളുമായി ഏറ്റുമുട്ടിയത്. സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ വൻ അസഭ്യം വിളിയോടെ മോഡൽ സ്‌കൂളിനു മുന്നിൽ ഏറ്റുമുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ തിരുനക്കര ബസ് സ്റ്റാൻഡിൽ വച്ച് കുട്ടികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച രാവിലെ വിദ്യാർത്ഥി സംഘം സ്‌കൂളിന്റെ മുന്നിലെത്തി ആക്രമണം അഴിച്ചു വിട്ടത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ വെസ്റ്റ് പൊലീസ് സംഘം നാലു വിദ്യാർത്ഥികളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് മാതാപിതാക്കളെ വിളിച്ചു വരുത്തി കുട്ടികളെ വിട്ടയക്കുകയായിരുന്നു.
സ്‌കൂൾ തുറന്ന് രണ്ടാം ദിവസവും സമാനമായ അക്രമ സംഭവം കുടമാളൂരിൽ അരങ്ങേറിയിരുന്നു. കുടമാളൂർ ഗവ സ്‌കൂളിലെ വിദ്യാർത്ഥികളും പുറത്തു നിന്നുള്ള അക്രമി സംഘവുമാണ് ഏറ്റുമുട്ടിയത്. ഇതേ സ്‌കൂളിലെ തന്നെ വിദ്യാർത്ഥി ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവാണ് പുറത്തു വിട്ടത്. ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കുട്ടികളെ സ്‌കൂളിൽ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.