മാർക്ക് ദാനം: ജുഡീഷ്യൽ അന്വേഷണം വേണം : ജോഷി ഫിലിപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: എം.ജി. സർവ്വകലാശാലയിൽ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു നടത്തിയ മാർക്ക് ദാനം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.
പ്രൈവറ്റ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിലെടുത്ത ഈ തീരുമാനത്തിന്റെ ഉത്തരവാദിത്യത്തിൽ നിന്നും വിദ്യാഭ്യാസ മന്ത്രിക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. മന്ത്രി ഉടൻ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കി പരാതി പരിഹരിയ്ക്കുവാൻ നടത്തിയ അദാലത്തിൽ മുൻകാല പ്രാബല്യത്തോടെ മാർക്ക് ദാനം ചെയ്യുവാൻ എടുത്ത തീരുമാനം യുക്തിരഹിതവും വൻഗൂഡാലോചനയുടെ ഫലവുമാണ്.
ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിയ്ക്കും. എം.ജി.യൂണിവേഴ്സിറ്റിയിൽ നടന്നുവരുന്ന അഴിമതികളുടെ ഭാഗമാണിത്.
സ്വാശ്രയ സ്ഥാപനങ്ങളുടെ എഴുന്നൂറു കോടി രൂപയുടെ ആസ്തിയാണ് പുതുതായി സൊസൈറ്റി രൂപീകരിച്ച് സിപാസിന് കൈമാറിയത്. ഇവിടെ ഇപ്പോൾ നൂറുകണക്കിന് അനധികൃത നിയമനങ്ങളാണ് യാതൊരു മാനദണ്ഡവുമില്ലാതെ നടത്തുന്നത്.
പെൻഷൻ ആനുകൂല്യം പോലും നല്കുവാൻ കഴിയാത്ത സാമ്പത്തിക തകർച്ചയിൽ നില്ക്കുന്ന യൂണിവേഴ്സിറ്റിക്ക് സിപാസ്സ് വൻ ബാദ്ധ്യതയായി മാറി. അനധികൃത നിയമനങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.