
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡിസി ബുക്‌സ് സസ്‌പെന്റ് ചെയ്തു. ജയരാജന്റെ പരാതിയില്‍ പ്രസാധക സ്ഥാപനത്തിന്റെ ഉടമ രവി ഡി സിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് നടപടി. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം.
എന്നാല്‍, അച്ചടക്ക നടപടി ഡി സി ബുക്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ ഇ.പി. ജയരാജനുമായി രേഖാമൂലം കരാറില്ലെന്ന് രവി ഡിസി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരാർ ഉണ്ടായിരുന്നില്ലെന്ന് ഡി സി ബുക്ക്സ് ജീവനക്കാരും ഇപി ജയരാജനും നേരത്തെ മൊഴി നല്‍കിയിരുന്നു. അന്വേഷണ ചുമതലയുള്ള കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. അതേസമയം രവി ഡിസിയുടെ മൊഴിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാർത്ത അടിസ്ഥാന രഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും ആണെന്ന് ഡി സി ബുക്സ് ഫേസ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.
നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ അഭിപ്രായ പ്രകടനം അനുചിതമാണെന്നും ഡി സി ബുക്ക്സ് വ്യക്തമാക്കി.