കുന്നിടിച്ച് ഗോഡൗൺ നിർമിച്ച ഡിസി ബുക്സിനെതിരെ നാട്ടുകാർ സമരത്തിൽ

കുന്നിടിച്ച് ഗോഡൗൺ നിർമിച്ച ഡിസി ബുക്സിനെതിരെ നാട്ടുകാർ സമരത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: കുന്നിടിച്ച് ഗോഡൗൺ നിർമിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികൾ സമരം. പുതുപ്പള്ളി പഞ്ചായത്തിൽ 15-ാം വാർഡിൽപ്പെട്ട ചെന്നിക്കാട്ടുപടി ലക്ഷംവീട് കോളനിക്ക് സമീപമാണ് ഡിസി ബുക്സ് വലിയ കുന്നിടിച്ച് ഗോഡൗൺ നിർമിച്ചത്. കനത്ത മഴയിൽ കുന്നിന്റെ ഒരുഭാഗം ഗോഡൗണിന്റെ മുകളിലേക്ക് വീണു. റോഡിനോട് ചേർന്ന് ഒരേക്കറോളം സ്ഥലത്തെ മണ്ണാണ് ഗോഡൗൺ നിർമാണത്തിന് എടുത്തത്. അനധികൃതമായ മണ്ണെടുപ്പിനെ എതിർത്ത നാട്ടുകാരിൽ ചിലരെ ജോലി വാഗ്ദാനം ചെയ്ത് സ്വാധീനിക്കുകയും ചിലരെ ഭീഷണിപ്പെടുത്തുകയും ചിലർക്ക് പണം കൊടുത്ത് നിശബ്ദരാക്കുകയും ചെയ്തു. എന്നാൽ ഗോഡൗൺ നിർമാണം പൂർത്തിയായ ശേഷം നാട്ടുകാർക്ക് കൊടുത്ത വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ല. മണ്ണെടുത്തതോടെ സമീപവാസികളുടെ കുടിവെള്ളം പൂർണമായും നിലച്ചു. വലിയ താഴ്ചയിൽ മണ്ണെടുത്തതോടെയാണ് സമീപത്തെ സ്ഥലം കഴിഞ്ഞ ദിവസത്തെ മഴയിൽ ഇടിഞ്ഞു ഗോഡൗണിന്റെ മുകളിൽ വീണത്. തുടർന്ന് ഗോഡൗൺ ഭാഗികമായി തകർന്നു. ഇതേത്തുടർന്ന് ഇവിടെ സൂക്ഷിച്ചിരുന്ന സാധനസാമഗ്രികൾ മറ്റുസ്ഥലത്തേക്ക് മാറ്റി. മണ്ണെടുപ്പിനെ ആദ്യം എതിർത്ത സിപിഎമ്മിന് വലിയ തുക സംഭാവനയായി നൽകിയതായി നാട്ടുകാർ ആരോപിക്കുന്നു. ഗോഡൗണിന് മുമ്പിൽ വെയിറ്റിങ് ഷെഡ് നിർമിക്കാൻ ഡിവൈഎഫ്ഐക്ക് വലിയൊരു തുക നൽകിയതിനാൽ അവരും നിശബ്ദരായിരിക്കുകയാണ്. ഡിസി ബുക്സിന്റെ നിയമലംഘനങ്ങൾക്ക് റവന്യു അധികൃതർ കണ്ണടയ്ക്കുകയാണെന്നു മനസ്സിലാക്കിയാണ് നാട്ടുകാർ സമരത്തിന് ഇറങ്ങിയിരിക്കുന്നത്.