
അവസാനമായി ആ കുഞ്ഞുമുഖത്ത് അന്ത്യചുംബനം നല്‍കാന്‍ അവര്‍ക്കായില്ല ; ഡേവിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ അച്ഛനും അമ്മയും സഹോദരിയും കണ്ടത് സമൂഹമാധ്യമത്തിലൂടെ
സ്വന്തം ലേഖകന്‍
കണ്ണൂര്‍ : അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞിന്റെ മുഖം ഒരു നോക്കുകാണാന്‍ ആ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമായില്ല. തന്റെ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ വേദനയോടെ അവര്‍ കണ്ടത് സാമൂഹിക മാധ്യമത്തിലൂടെയാണ്.
ഒരാഴ്ച മുന്‍പാണ് ഷാര്‍ജയില്‍ വച്ച് പത്ത് വയസുകാരന്‍ ഡേവിഡ് മരിക്കുന്നത്. നാട്ടിലെത്തിച്ച ഡേവിഡിന്റെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ അന്ത്യചുംബനം നല്‍കാന്‍ ഷാര്‍ജയില്‍ നിന്നും എത്താന്‍ മാതാപിതാക്കളായ ഷാനി ദേവസ്യയ്്ക്കും ഷീബയ്ക്കും എത്താന്‍ സാധിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂര്‍ ഇരിട്ടി കിളിയന്തറ സെന്റ് മേരീസ് പള്ളിയിലാണ് ഡേവിഡിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ദുബായില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ക്കൊപ്പമാണ് കാര്‍ഗോ വിമാനത്തില്‍ ഡേവിഡിന്റെ മൃതദേഹവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.
വൈകിട്ട് 5.45ന് കിളിയന്തറയിലെ വീട്ടിലെത്തിച്ച മൃതദേഹം രണ്ട് മണിക്കൂറിനുള്ളില്‍ സംസ്‌കരിക്കുകയായിരുന്നു. മൃതദേഹത്തിനൊപ്പം വരാന്‍ അനുമതി ഇല്ലാത്തതിനാല്‍ പിതാവ് കിളിയന്തറ പുന്നയ്ക്കല്‍ ഷാനി ദേവസ്യയും അമ്മ ഷീബ ഐസകും സഹോദരി മരിയയും സാമൂഹിക മാധ്യമത്തിലൂടെയാണ് കുരുന്നു ബാലന്റെ സംസ്‌കാര ചടങ്ങുകള്‍ കണ്ടത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇരുപത് പേര്‍ക്ക് മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്.
ഷാര്‍ജയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഡേവിഡ്.