പ്രണയത്തെ എതിർത്തിന് കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു; ഉറക്കഗുളിക കൊടുത്തു മയക്കിയത് പ്രായപൂർത്തിയാകാത്ത മകൾ!

Spread the love

അഹമ്മദാബാദ് : പ്രണയബന്ധത്തെ എതിർത്തതിന് കാമുകിയുടെ പിതാവിനെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത സ്വന്തം മകളാണ് ഉറക്കഗുളിക കൊടുത്ത് പിതാവിനെ മയക്കി, കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തത്.

video
play-sharp-fill

ഷന ചാവ്‌ഡയുടെ 17 വയസ്സ് പ്രായമുള്ള മകൾ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകൾ പ്രായപൂർത്തിയാകാത്തതിനാൽ പിതാവിന് ഈ പ്രണയത്തിനോട് എതിർപ്പുണ്ടായിരുന്നു.

ഫോൺ കോളിനോട് പ്രതികരിക്കാതായതിനെ തുടർന്ന് സഹോദരൻ നടത്തിയ അന്വേഷണത്തിലാണ് ഷന ചാവ്ഡ മരിച്ചു കിടക്കുന്നതായി കണ്ടത്. ശരീരം മുഴുവൻ കുത്തേറ്റതിന്റെ പാടുകൾ കണ്ടതോടെ പോലീസിനെ വിവരം അറിയിച്ചു. ഷന ചാവ്ഡയുടെ കൊലപാതകത്തിൽ മകളുടെ ആൺസുഹൃത്തിന് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് സഹോദരൻ പോലീസിന് മൊഴിയും നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്. തങ്ങളുടെ പ്രണയം അംഗീകരിക്കാത്തതിൽ പെൺകുട്ടിക്ക് പിതാവിനോട് കടുത്ത പകയുണ്ടായിരുന്നു. രഞ്ജിത്ത് വഘേല വരുമെന്ന് ഭയപ്പെടുന്നതിനാൽ രാത്രികാലങ്ങളിൽ മകളെ ഭാര്യയ്ക്കൊപ്പം കിടത്തി ഷന ചാവ്ഡ മുറിയുടെ വാതിൽ കുറ്റിയിടുമായിരുന്നു.

പെൺകുട്ടി വ്യാഴാഴ്‌ച രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർത്ത് പിതാവിനെ മയക്കിയശേഷം വെള്ളിയാഴ്‌ച പുലർച്ചെ രഞ്ജിത്ത് വഘേലയെയും സുഹൃത്തായ ഭവ്യ വാസവയെയും വിളിച്ചു വരുത്തുകയായിരുന്നു. രഞ്ജിത്തും സുഹൃത്തും ചേർന്ന് ഷന ചാവ്ഡയെ വീടിന് പുറത്തേക്ക് എടുത്തുകൊണ്ടു പോവുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

പെൺകുട്ടി ഇതിന് മുൻപും മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. മൂന്നാമത്തെ ശ്രമത്തിലാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് വഡോദര ജില്ലാ പോലീസ് സൂപ്രണ്ട് സുശീൽ അഗർവാൾ പറഞ്ഞു. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഉറക്കഗുളിക കലർത്തി ഇരുവരെയും കൊല്ലാൻ ശ്രമിച്ചു. പക്ഷേ ആ പദ്ധതി പരാജയപ്പെട്ടു.

മുൻപ് രഞ്ജിത്തിനൊപ്പം പെൺകുട്ടി ഇറങ്ങിപ്പോയപ്പോൾ പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോക്സോ നിയമപ്രകാരം രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് മാതാപിതാക്കളെ കൊലപ്പെടുത്തി നാടുവിടുവാൻ പ്രണയിതാക്കൾ തീരുമാനം എടുത്തത്. ഉറക്ക ഗുളികകളുടെ ഉറവിടവും കുറ്റകൃത്യത്തിൽ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ മറ്റാർക്കെങ്കിലും പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.