
കൊല്ലുന്ന രോഗത്തിന് തിന്നുന്ന വില..! കൊറോണ പേടിയിൽ ജനം വലയുമ്പോൾ കൊള്ളയടിച്ച് മെഡിക്കൽ സ്‌റ്റോറുകൾ; ആറു രൂപയുടെ മാസ്‌ക് വിൽക്കുന്നത് 30 രൂപയ്ക്ക്; തേർഡ് ഐ ഇൻവെസ്റ്റിഗേഷൻ; കോട്ടയത്തെ കൊള്ളയുടെ തെളിവ് ഇതാ; നടപടി എടുക്കു അധികൃതരെ!
എ.കെ ശ്രീകുമാർ
കോട്ടയം: കൊല്ലുന്ന രോഗത്തിന് തിന്നുന്ന വിലയുമായി കോട്ടയത്തെ മെഡിക്കൽ സ്‌റ്റോറുകൾ. സാധാരണക്കാരായ ജനത്തിന്റെ കൊറോണ ഭീതി മുതലെടുത്ത് കൊറോണ പ്രതിരോധ മാസ്‌കിനു കൊല്ലുന്ന വിലയാണ് നഗരത്തിലെ മെഡിക്കൽ സ്‌റ്റോറുകൾ ഈടാക്കുന്നത്. മൂന്നു രൂപ ഹോൾസെയിൽ വിലയ്ക്കു ലഭിക്കുന്ന മാസ്‌ക് 10 മുതൽ 30 രൂപയ്ക്കു വരെയാണ് ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കുന്നത്. കോട്ടയം നഗരത്തിലെ പത്ത് മെഡിക്കൽ സ്റ്റോറുകളിൽ തേർഡ് ഐ ന്യൂസ് ലൈവ് സംഘം നടത്തിയ അന്വേഷണത്തിലാണ് മാസ്‌കിന്റെ കൊല്ലുന്ന വില കണ്ടെത്തിയത്.
കോട്ടയം നഗരത്തിൽ ശീമാട്ടി റൗണ്ടാനയിലെ മണർകാട് മെഡിക്കൽസിലാണ് ആദ്യം തേർഡ് ഐ ന്യൂസ് സംഘം എത്തിയത്. ഇവിടെ കയറി മാസ്‌ക് ആവശ്യപ്പെട്ടപ്പോൾ ആറു രൂപയുടെ മാസ്‌ക് വിപണിയിൽ ഇല്ലെന്നായിരുന്നു ഇവർ അറിയിച്ചത്. സ്റ്റോക്ക് ഉള്ളത് 150 രൂപയുടെ മാസ്‌ക മാത്രമാണെന്നും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നിന്നും ഗാന്ധിസ്‌ക്വയറിനു സമീപത്തെ ജാക്‌സൺ മെഡിക്കൽസിൽ എത്തി. ഇവിടെയും മാസ്‌ക് സ്റ്റോക്കുണ്ടായിരുന്നില്ല. കാത്തു നിന്നാൽ 15 രൂപയ്ക്കു മാസ്‌ക് എത്തിച്ചു നൽകാമെന്നായി. തുടർന്നു സെൻട്രൽ ജംഗ്ഷനിലെ തന്നെ മറ്റൊരു മെഡിക്കൽ സ്റ്റോറിൽ എത്തിയെങ്കിലും സ്‌റ്റോക്കില്ലെന്നു മറുപടി.
പിന്നീട്, തിരുനക്കര ബസ് സ്റ്റാൻഡിനു മുന്നിലെ മൂന്നു മെഡിക്കൽ സ്റ്റോറുകൾ ലക്ഷ്യമാക്കി തേർഡ് ഐ ന്യൂസ് ലൈവ് സംഘം നീങ്ങി. ഇവിടെ ആദ്യത്തെ മെഡിക്കൽ സ്‌റ്റോറിൽ മാസ്‌കില്ലെന്നു മറുപടി ലഭിച്ചു.
തുടർന്ന് ഇതേ ബിൽഡിംങിൽ തന്നെ തൊട്ടടുത്ത മുറിയിൽ പ്രവർത്തിക്കുന്ന മെഡിസിൻ ഹൗസ് മെഡിക്കൽ സ്റ്റോറിൽ കയറി. പതിനഞ്ചു രൂപയായിരുന്നു ഇവിടെ മാസ്‌കിനു വില. തൊട്ടടുത്ത ക്രൈസ് മെഡിക്കൽസിലും മാസ്‌ക് സ്റ്റോക്കുണ്ടായിരുന്നില്ല. ഇതിനു സമീപത്തു തന്നെയുള്ള കൃപാ മെഡിക്കൽസിൽ നിന്നും മാസ്‌ക് ലഭിച്ചപ്പോൾ നൽകേണ്ടി വന്നത് പത്തു രൂപ മാത്രം.
ജനറൽ ആശുപത്രിയ്ക്കു മുന്നിലെ രണ്ടു മെഡിക്കൽ സ്റ്റോറിലെയും ജീവനക്കാർ മാസ്‌ക് ധരിച്ചിരുന്നെങ്കിലും, ഇവിടെയും മാസ്‌ക് സ്‌റ്റോക്കുണ്ടായിരുന്നില്ല. മൂന്നാമത്തെ മെഡിക്കൽ സ്റ്റോറായ റിലയബിൾ മെഡിക്കൽസിൽ നിന്ന് 10 രൂപയ്ക്ക് മാസ്ക് ലഭിച്ചു, പിന്നീട് ഞങ്ങളെത്തിയ ടിബി റോഡിലെ അനുപമ തീയറ്റിനു എതിർവശത്തുള്ള
കൈരളി ഡ്രഗ് ഹൗസിലാണ് ഏറ്റവും വലിയ കൊള്ള നടന്നത്. മറ്റെല്ലാ മെഡിക്കൽ സ്റ്റോറിലും പത്തിനും പതിനഞ്ചിനും ലഭിച്ചിരുന്ന ഇതേ നിലവാരത്തിലുള്ള മാസ്‌കിന് ഇവിടെ നൽകേണ്ടി വന്നത് 30 രൂപ…! കൊറോണാ പേടിയിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ യാതൊരു ദയയും ഇല്ലാതെ ജനത്തെ ഞെക്കി പിഴിയുന്ന അവസ്ഥയാണ് മെഡിക്കൽ സ്റ്റോറുകളിൽ ഞങ്ങൾ കണ്ടത്.
കോട്ടയം നഗരത്തിൽ അധികൃതരുടെ മൂക്കിന് താഴെ നടക്കുന്ന കൊടും കൊള്ളയുടെ കഥകളാണ് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നത്. ഇതിനെതിരെ അധികൃതർ എന്തു നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്..!