
സ്വന്തം ലേഖിക
കൊച്ചി:ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബയിലെ ധാരാവി പുനര്‍നിര്‍മ്മിക്കാൻ പ്രമുഖ കോര്‍പ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് മാസ്റ്റര്‍പ്ളാൻ തയ്യാറാക്കുന്നു.ആഗോള തലത്തിലെ നഗര വികസന വിദഗ്ദ്ധര്‍, ബില്‍ഡര്‍മാര്‍, ഡിസൈൻ സ്ഥാപനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് മുംബയുടെ ഹൃദയ ഭാഗത്ത് 600 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചേരിയക്ക് പുതിയ മുഖം നല്‍കാനാണ് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധാരാവി ഡെവലപ്പ്മെന്റ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് ഒരുങ്ങുന്നത്.
അമേരിക്കയിലെ ഡിസൈൻ സ്ഥാപനമായ സസാക്കി, യു.കെയിലെ രാജ്യാന്തര കണ്‍സള്‍ട്ടൻസി ഗ്രൂപ്പ് ബ്യൂറോ ഹാപ്പോള്‍ഡ്, ആര്‍ക്കിട്ടെക്ട് ഹഫീസ് കോണ്ട്രാക്ടര് എന്നിവരുടെ സഹകരണത്തോടെയാണ് ധാരാവിയെ ലോകത്തിലെ ഏറ്റവും മികച്ച സെറ്റില്‍മെന്റ് നഗരമായി മാറ്റുന്നത്.ധാരാവി പുനര്‍നിര്‍മ്മിക്കാനുള്ള കരാര്‍ 2022 നവംബറിലാണ് ഗൗതം അദാനിയുടെ അദാനി പ്രോപ്പര്‍ട്ടീസിന് ലേലത്തിലൂടെ ലഭിച്ചത്. ധാരാവി ഡെവലപ്പ്മെന്റ് പ്രോജക്ടില്‍ അദാനി ഗ്രൂപ്പിന് 80 ശതമാനവും മഹാരാഷ്ട്ര സര്‍ക്കാരിന് 20 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ധാരാവി പുനര്‍നിര്‍മ്മിക്കുന്നതിന് അദാനി ഗ്രൂപ്പ് 5,069 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിംഗപ്പൂര്‍ മാതൃക
ചേരി നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനൊപ്പം നിലവിലുള്ള ചലനാത്മകതയും ആഘോഷങ്ങളും നിലനിറുത്തി സിംഗപ്പൂരിന്റെ മാതൃകയില്‍ ധാരാവിയെ ലോകത്തിലെ ഏറ്റവും ആധുനിക നഗരങ്ങളിലൊന്നായി മാറ്റാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. പ്രദേശവാസികളെ ഉള്‍പ്പെടുത്തി സമഗ്രമായ വികസനം സാദ്ധ്യമാക്കുമെന്നും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ പറഞ്ഞു.ധാരാവിയിലെ ജനസംഖ്യ പത്ത് ലക്ഷവും ജനസാന്ദ്രത സ്ക്വയര്‍ കിലോമീറ്ററിന് 3.54 ലക്ഷവുമാണ്.