പാക്കിസ്ഥാൻ കോടതിയെ വിമർശിച്ച് അമേരിക്ക: ക്രൂരമായ കൊലപാതകത്തിന് നീതി വേണം : മാധ്യമ പ്രവർത്തകൻ ഡാനിയേൽ പേളിനെ മറക്കില്ല
സ്വന്തം ലേഖകൻ
വാഷിങ്ടൺ: മാധ്യമ പ്രവർത്തകൻ ഡാനിയേൽ പേളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്ത നൽകിയ പാകിസ്താൻ കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ഡാനിയേൽ പേളിനെ അമേരിക്ക മറക്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു.
സാഹസിക മാധ്യമപ്രവർത്തകനായ ഡാനിയേലിനെ ആദരിക്കുന്നു. ക്രൂരമായ കൊലപാതകത്തിൽ നീതി വേണമെന്ന് പോപിയോ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭീകരവാദത്തിന്റെ ഇരയായ ഡാനിയേൽ പേളിനെ അധിക്ഷേപിക്കുന്നതാണ് വധശിക്ഷ ഇളവ് ചെയ്ത വിധിയെന്ന് അസിസ്റ്റൻറ് സ്റ്റേറ്റ് സെക്രട്ടറി (സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ) ആലീസ് വെലും പ്രതികരിച്ചു.
2002ലാണ് വാൾസ്ട്രീറ്റ് ജേർണൽ ലേഖകനായ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കൊലപാതക കേസിൽ പ്രതിയായ അഹമ്മദ് ഉമർ സെയ്ദ് ഷെയ്ഖിനെ തൂക്കിലേറ്റാനും മറ്റ് മൂന്നു പേരെ ജീവപര്യന്തത്തിനും പാക് ഭീകരവിരുദ്ധ കോടതി വിധിച്ചിരുന്നു.
എന്നാൽ, ഷെയ്ഖിന്റെ അപ്പീലിൽ വാദം കേട്ട സിന്ധ് ഹൈകോടതി, വ്യാഴാഴ്ച കൊലപാതക കുറ്റം തട്ടിക്കൊണ്ടു പോകലായി ഇളവ് ചെയ്ത് ഷെയ്ഖിൻറെ ശിക്ഷ ഏഴു വർഷമാക്കി കുറച്ചു. കൂടാതെ, കേസിലെ മറ്റ് പ്രതികളായ ഫഹദ് നസീം, സൽമാൻ സാഖിബ്, സെയ്ദ് ആദിൽ എന്നിവരുടെ ജീവപര്യന്തം തടവ് റദ്ദാക്കി അവരെ വെറുതെ വിട്ടു
പാക് കോടതിയുടെ ഈ വിധിയാണ് അമേരിക്കയുടെ രൂക്ഷ വിമർശനത്തിന് കാരണമായത്. . പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പാക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
ജയ്‌ശെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിനും മുഷ്താഖ് അഹമ്മദ് സർഗാറിനുമൊപ്പം ഇന്ത്യ മോചിപ്പിച്ച തീവ്രവാദിയാണ് പാക് വംശജനും ബ്രിട്ടീഷ് പൗരനുമായ അഹമ്മദ് ഉമർ സെയ്ദ് ഷെയ്ഖ് (46). 1999 ഡിസംബറിൽ കാണ്ഡഹാറിൽ പാക് ഭീകര സംഘം തട്ടിക്കൊണ്ടു പോയ എയർ ഇന്ത്യ വിമാനവും യാത്രക്കാരെയും മോചിപ്പിക്കുന്നതിനാണ് ഷെയ്ഖ് അടക്കമുള്ളവരെ ഇന്ത്യ മോചിപ്പിച്ചത്.