play-sharp-fill
കെവിൻ ദളിതൻ തന്നെയെന്ന് ഉറപ്പിച്ച് വിചാരണ: ദുരഭിമാനക്കൊലപാതകത്തിന് കൂടുതൽ തെളിവുകൾ: കെവിൻ കേസിൽ വീണ്ടും കൂറുമാറ്റം; വിചാരണ നിർണ്ണായക ഘട്ടത്തിലേയ്ക്ക്

കെവിൻ ദളിതൻ തന്നെയെന്ന് ഉറപ്പിച്ച് വിചാരണ: ദുരഭിമാനക്കൊലപാതകത്തിന് കൂടുതൽ തെളിവുകൾ: കെവിൻ കേസിൽ വീണ്ടും കൂറുമാറ്റം; വിചാരണ നിർണ്ണായക ഘട്ടത്തിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻ വധക്കേസിന് ഒരു വർഷം തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിചാരണ അന്തിമഘട്ടത്തിലേയ്ക്ക്. കെവിന്റെത് ദുരഭിമാനകൊലപാതകമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ വാദത്തിന് ശക്തി പകർന്ന് കെവിന്റെ ജാതി സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. ജാതി സർട്ടിഫിക്കറ്റ് നൽകിയ കോട്ടയം തഹസീൽദാറായിരുന്ന അശോകനും കെവിൻ ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കെവിന്റെ കൊലപാതകം ദുരഭിമാന കൊലപാതമാണെന്ന് വ്യക്തമാകുന്നതാണ് തഹസീൽദാറിന്റെ മൊഴി.
ചൊവ്വാഴ്ച കേസിന്റെ വാദത്തിനിടെ കേസിലെ അറുപതാം സാക്ഷി റംസീർ മൊഴി മാറ്റി. കേസിലെ പതിനഞ്ചാം പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുത്തതിന്റെ മഹ്‌സർ സാക്ഷിയായിരുന്നു റംസീർ. ഇയാളാണ് മൊഴി മാറ്റിയത്. കേവിൻ കേസിൽ സാക്ഷിയെ മർദിച്ച ആറാം പ്രതി മനു, 13 -ാം പ്രതിയായ ഷിനു പറപ്പേട്ട് എന്നിവരുടെ ജാമ്യം റദ്ദാക്കിയ ശേഷം ഇരുവരെയും ജയിലിൽ അടച്ചു. കേസിലെ 37 -ാം സാക്ഷി രാജേഷിനെ (മാധവൻ) പുനലൂർ ബസ് സ്റ്റാൻഡിൽ വച്ച് പ്രതികൾ മർദിക്കുകയായിരുന്നു.
കേസിലെ പ്രതികളായ ഷിനുവും, മനുവും വിചാരണയുടെ ആദ്യഘട്ടത്തിലാണ് ജാമ്യത്തിലിറങ്ങിയത്. ഞായറാഴ്ച വൈകിട്ട് ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന രാജേഷിനെ പ്രതികൾ പുനലൂർ ബസ് സ്റ്റാൻഡിന് സമീപം തടഞ്ഞു നിർത്തി. വിചാരണയ്ക്ക് കോടതിയിൽ ഹാജരാകരുതെന്നും, മൊഴി മാറ്രണമെന്നുമാവശ്യപ്പെട്ട് പ്രതികൾ രാജേഷിനെ തടഞ്ഞു നിർത്തി. തുടർന്ന് മർദിക്കുകയായിരുന്നുവെന്നാണ് മൊഴി. മർദനത്തിനിടയിൽ തന്നെ രാജേഷ് പൊലീസിനെ വിളിച്ചു. ഇതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. തുടർന്ന് പൊലീസ് എത്തി രാജേഷിനെ ആശുപത്രിയിൽ എത്തിച്ചു. രാജേഷിന്റെ ചുണ്ടിലും ശരീരത്തിലും പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർ രേഖപ്പെടുത്തി.
ഇന്നലെ രാവിലെ കോടതിയിൽ ഹാജരായ രാജേഷ് പ്രതികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു. പ്രതികൾക്ക് നൽകിയ സ്വാതന്ത്ര്യം ഇവർ ദുരുപയോഗം ചെയ്യുകയാണ്. ഇവരുടെ ജാമ്യം റദ്ദാക്കിയില്ലെങ്കിൽ ഇത് കേസിന്റെ വിചാരണയെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതേ തുടർന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.
കെവിൻ വധക്കേസിലെ പ്രതികളായ ഫസൽ, ഷിനു, ഷെഫിൻ എന്നിവരുടെ സുഹൃത്താണ് രാജേഷ്. പ്രതികൾ ഒളിവിൽ കഴിയുന്നതിനിടെ 11ാം പ്രതിയായ ഫസിൽ രാജേഷിനെ കാണാനെത്തിയിരുന്നു. ഇവിടെ വച്ച് അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയ കാര്യം പ്രതി രാജേഷിനോടു പറഞ്ഞിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജേഷിനെ സാക്ഷിയാക്കുകയായിരുന്നു. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു ,ഷെഫിൻ, ഫസിൽ എന്നിവരെ രാജേഷ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജേഷ് ഉൾപ്പടെ ആറു സാക്ഷികളെയാണ് ഇന്നലെ കോടതി വിസ്തരിച്ചത്.
കെവിൻ ദളിത് ക്രൈസ്തവൻ
ജാതി സർട്ടിഫിക്കറ്റ് തെളിവായി
കെവിൻ ദളിത് ക്രൈസ്തവനാണെന്നും, പിന്നോക്ക വിഭാവിഭാഗത്തിൽപ്പെട്ടവനാണെന്നും മൊഴി നൽകി തഹസീൽദാർ. കെവിന്റെ ജാതി സർട്ടിഫിക്കറ്റ് നൽകിയ കോട്ടയം തഹസീൽദാറായിരുന്ന അശോകനാണ് കോടതിയിൽ ഹാജരായി മൊഴി നൽകിയത്. കെവിേൻറത് ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തിന് ബലം നൽകുന്ന രേഖയുടെ ആധികാരികതയിലാണ് തഹസിൽദാർ വ്യക്തതനൽകിയത്.