നവരാത്രി മഹോത്സവം; കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിനു 14ന് തുടക്കം; ചലച്ചിത്ര താരം ബാബു നമ്പൂതിരി ഭദ്രദീപം തെളിക്കും.

Spread the love

 

സ്വന്തം ലേഖിക

പനച്ചിക്കാട്: ചരിത്രപ്രസിദ്ധമായ പനച്ചിക്കാട് ദക്ഷിണ മൂകാംബികയിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് 14ന് തിരിതെളിയും. ഭാരതത്തിലുടനീളം ആഘോഷിക്കുന്ന സാംസ്കാരികോത്സവമാണ് നവരാത്രി.

പനച്ചിക്കാട്ടെ നവരാത്രി ആഘോഷങ്ങൾക്ക് 14ന് തിരി തെളിയുമെന്ന് ക്ഷേത്രം ഭാരവാഹികൾ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കലോപാസകരുടെയും ഭക്തജനങ്ങളുടെയും അഭ്യർത്ഥന മാനിച്ച് വിദ്യാരംഭത്തിന് പിറ്റേന്ന് വരെയാണ് ഈ വർഷം ചടങ്ങുകൾ നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ ദിവസവും വിഷ്ണു ക്ഷേത്രത്തിലും സരസ്വതി നടയിലും വിശേഷാൽ പൂജകൾ ഉണ്ടാകും. നവരാത്രി ആഘോഷങ്ങൾക്ക് 14ന് രാവിലെ 9ന് ചലച്ചിത്ര താരം ബാബു നമ്പൂതിരി ഭദ്രദീപം തെളിക്കും. ഞായറാഴ്ച രാത്രി ഏഴിന് ദേശീയ സംഗീത നർത്തോത്സവത്തിനും തുടക്കമാവും. മാളികപ്പുറം ഫെയിം കുമാരി ദേവനന്ദ ഭദ്രദീപം തെളിക്കും.

21ന് സ്വാരസ്വതം സ്കോളർഷിപ്പിന്റെയും കച്ഛപി പുരസ്കാരത്തിന്റെയും വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും. പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ഗോപകുമാർ, കർണാടക സംഗീതജ്ഞൻ മുല്ലക്കര സുഗുണൻ എന്നിവർക്കാണ് ഈ വർഷത്തെ കച്ഛപി പുരസ്കാരം സമർപ്പിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കഥകളി സംഗീതജ്ഞൻ കലാമണ്ഡലം പള്ളം മാധവന്റെ അനുസ്മരണാർത്ഥം ദേവസ്വം നൽകുന്ന സംഗീത സരസ്വതി പുരസ്കാരം കലാമണ്ഡലം ഹരീഷ് കുമാറിന് പ്രശസ്ത സിനിമാതാരം ശ്രീലത നമ്പൂതിരി സമ്മാനിക്കും.

ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്രയും, ഗ്രന്ഥമെഴുന്നള്ളത്തും, പൂജവയ്പും നടക്കും. 24 ചൊവ്വാഴ്ച പുലർച്ചെ അഞ്ചിന് പൂജയെടുപ്പോടെ വിദ്യാരംഭത്തിനും തുടക്കമാകും. നവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദേവസ്വം മാനേജർ കെ എൻ നാരായണൻ നമ്പൂതിരി, അസിസ്റ്റൻറ് മാനേജർ ശ്രീകുമാർ, ക്ഷേത്രം പ്രസിഡണ്ട് കെഎൻ വാസുദേവൻ നമ്പൂതിരി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.