ക്ഷീര കാര്‍ഷികരംഗത്ത് പുതിയ അധ്യായം കുറിച്ച്‌ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്: ക്ഷീരവര്‍ധിനി റിവോള്‍വിംഗ് ഫണ്ട് പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന്

Spread the love

പാമ്പാടി: ക്ഷീര കാര്‍ഷികരംഗത്ത് ഉണർവേകാൻ പുത്തൻ ചുവടുവെപ്പുമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്. ക്ഷീരോത്‍പാദന മേഖലയെ ശക്തിപ്പെടുത്താനും കര്‍ഷകര്‍ക്കു സാമ്പത്തിക പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ ക്ഷീരവര്‍ധിനി റിവോള്‍വിംഗ് ഫണ്ട് പദ്ധതി ആരംഭിക്കുന്നു.

2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 28 ലക്ഷം രൂപ വിനിയോഗിച്ചാണ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. ക്ഷീര മേഖലയിലെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി മേഖലയുടെ സമഗ്രവളർച്ചയാണ് ലക്ഷ്യം.

ബ്ലോക്ക് പരിധിയിലുളള 27 ക്ഷീരസംഘങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 14 സംഘങ്ങളെയാണ് ‘ക്ഷീരവര്‍ധിനി റിവോള്‍വിംഗ് ഫണ്ട്’ പദ്ധതിക്ക് ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ സംഘത്തിനും രണ്ടുലക്ഷം രൂപ വീതം അനുവദിക്കുമെന്നും, ഈ തുക സംവരണം ചെയ്ത അഞ്ചു ക്ഷീരകര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുന്നതിനായി പലിശരഹിത വായ്പയായി വിതരണം ചെയ്യും, അതായത് ഓരോ കര്‍ഷകനും 40,000 രൂപ വീതം ലഭിക്കുമെന്നും ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.വി. കണ്ണന്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാല്‍ വിറ്റുകിട്ടുന്ന തുകയില്‍നിന്ന് കർഷകൻ 40,000 രൂപ ക്ഷീരസംഘത്തിന് തിരിച്ചടച്ച്‌, ആ തുക ആറാമത്തെ ക്ഷീരകര്‍ഷകന് കൊടുക്കുന്നതിലൂടെ റിവോള്‍വിംഗ് ഫണ്ട് സംഘത്തിലുള്ള ക്ഷീരകര്‍ഷകര്‍ക്കെല്ലാം ഗുണം ചെയ്യുന്നു. റിവോള്‍വിംഗ് ഫണ്ടിന്റെ നേട്ടം സംഘംയിലെ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാകുന്ന രീതിയിലാക്കാനാണ് പദ്ധതി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 14 ക്ഷീരസംഘങ്ങളിലുമായി 70ഓളം പശുക്കളെ വാങ്ങാനാവും എന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കാനും നിലവിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങാവാനും ക്ഷീരവര്‍ധനി പദ്ധതിക്കാവും എന്ന് ളാക്കാട്ടൂര്‍ ക്ഷീരസംഘം പ്രസിഡന്‍റ് ജോയ്മോന്‍ വാക്കയില്‍ പറഞ്ഞു.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 10.30ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെറ്റി റോയ് മണിയങ്ങാട്ട് നിര്‍വഹിക്കും. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രൊഫ. എം.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനാകും.