കഷ്ടപ്പെടാൻ ക്ഷീര കർഷകരും പണം വാങ്ങാൻ സെക്രട്ടറിയും..!! സംക്രാന്തിയിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘത്തിൽ നടക്കുന്നത് വൻ തട്ടിപ്പ്..!! വർഷങ്ങളായി ഭരണസമിതി രൂപീകരിക്കാതെ സെക്രട്ടറി നടത്തുന്നത് ഏകപക്ഷീയ ഭരണം..!!
സ്വന്തം ലേഖകൻ
കോട്ടയം : സംക്രാന്തിക്ക് സമീപം പ്രവർത്തിക്കുന്ന ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടക്കുന്നത് വൻ അഴിമതിയെന്ന് ക്ഷീര കർഷകർ.
പാവപ്പെട്ട ക്ഷീര കർഷകരെ ഊറ്റി പിഴിയുകയാണ് സംഘത്തിന്റെ തലപ്പത്തിരിക്കുന്നവരെന്നും ക്ഷീര കർഷകർ ആരോപിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പിനെതിരെ വ്യാപകമായി പരാതി ഉയർന്നിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
38 വർഷക്കാലമായി സംക്രാന്തിയിൽ പ്രവർത്തിക്കുന്ന ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അന്നുമുതൽ ഒരേ സെക്രട്ടറി തന്നെയാണ് ചുമതലയിൽ ഇരിക്കുന്നത്. ആദ്യകാലങ്ങളിൽ ഭരണസമിതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും ഇല്ലാതെയായെന്നും കർഷകർ ആരോപിക്കുന്നു .
പാലിന് കൊഴുപ്പിന്റെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കണമെന്നിരിക്കെ സെക്രട്ടറിക്ക് തോന്നും പടിയാണ് വില. ചോദ്യം ചെയ്താൽ ന്യായങ്ങൾ നിരത്തി തടിയൂരും.
സംഘത്തിലെ വരവുചെലവ് കണക്കുകൾക്ക് യാതൊരുവിധ രേഖകളും സെക്രട്ടറി സൂക്ഷിക്കുന്നില്ലന്നും ആരോപണമുണ്ട്. ദിവസേന ശരാശരി 160 ലിറ്റർ പാൽ അളക്കുന്ന സൊസൈറ്റിയിൽ വരുമാനമില്ലെന്നാണ് സെക്രട്ടറിയുടെ വാദം .
ഇതോടെ കർഷകർ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചു റാണിക്ക് പരാതി നൽകി. മന്ത്രിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തുകയും സംഘത്തിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
സംഘത്തിലെ വീഴ്ചകൾ മനസ്സിലാക്കിയതോടെ
തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായി. എന്നാൽ ഈ വിവരം കർഷകരെ അറിയിക്കാതെ പൂഴ്ത്തിവെക്കാനാണ് സെക്രട്ടറി ശ്രമിച്ചത്.
സഹകരണ സംഘത്തിലെ വേതനം പറ്റുന്ന ജീവനക്കാർക്കോ ബന്ധുക്കൾക്കോ തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ കരാറിൽ ഏർപ്പെടാനോ സാധിക്കില്ല എന്ന് ഇരിക്കെ സെക്രട്ടറിയുടെ മകനും മത്സരിക്കാൻ അവസരം നൽകി. ഇതിനെതിരെ കർഷകർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയതോടെ സ്ഥാനാർത്ഥിസ്ഥാനം തെറിച്ചു. എന്നാൽ സെക്രട്ടറിയുടെ കുടുംബത്തിലെ മുഴുവൻ ആളുകളും വോട്ടർമാരാണ്.
ഇവരുടെ പേരിൽ സംഘത്തിൽ പാൽ അളക്കുന്നതായി വ്യാജരേഖ ചമച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്. ഇത് ചൂണ്ടിക്കാട്ടി പലപ്പോഴായി പരാതി ഉന്നയിച്ചിട്ടും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറല്ല.
സെക്രട്ടറിക്ക് ഒത്താശ ചെയ്യാനാണ് ഉദ്യോഗസ്ഥർക്ക് താല്പര്യം. അധ്വാനിക്കുന്ന കർഷകർക്ക് പുല്ലുവിലയും..!!