
തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവവുമായി ബന്ധപ്പെട്ട് 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
കാലിക്കറ്റ് സർവ്വകലാശാല ചെയർ പേഴ്സൺ നിത ഫാത്തിമ, കെഎസ്‌യു പ്രവർത്തകനായ ഷാജി എന്നിവരുടെ പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ആശിഷ്, റിസ്വാൻ, മനീഷ് ഉൾപ്പടെ 10 പേർക്കെതിരെ കേസെടുത്തത്. മാരകയുധങ്ങൾ കൊണ്ട് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഭാരതീയ ന്യായ് സംഹിതയിലെ അന്യായമായി സംഘം ചേരൽ, മനപ്പൂർവമായ നരഹത്യാ ശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ആശിഷിന് കെഎസ്‌യു പ്രവർത്തകർ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് ചുമത്തിയ കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുലടക്കം റിമാൻ്റിൽ കഴിയുകയാണ്. അതിനിടെ കാലിക്കറ്റ് സർവകലാശാലയിൽ ബി സോൺ കലോത്സവത്തിനിടയിലും സംഘർഷമുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് പുളിയാവ് കോളജിൽ ഇന്നലെ രാത്രി 12 മണിക്ക് നാടക മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്. നാടകം അവസാനിക്കുന്നതിന് മുമ്പ് കർട്ടൻ താഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയത്. എസ്എഫ്ഐ – എംഎസ്എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.
പൊലീസ് ലാത്തി വീശി. നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം നാടൻ പാട്ട് മത്സരത്തിന് അപ്പീൽ നൽകാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ ഓർഗനൈസിങ്ങ് കമ്മിറ്റി റൂമിൽ എത്തിയപ്പോഴും ഇവിടെ സംഘർഷം ഉണ്ടായിരുന്നു.



