ഡീ അഡിക്ഷൻ മരുന്നുകളുടെ ദുരുപയോഗം; പിന്നിൽ കുത്തക മരുന്ന് കമ്പനികളെന്ന് സൂചന
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡീ അഡിക്ഷൻ മരുന്നുകൾ വലിയ ദുശ്ശീലമായി മാറുകയാണെന്ന് റിപ്പോർട്ടുകൾ. 25 ശതമാനത്തിൽ താഴെ മാത്രമേ ഇത്തരം മരുന്നുകളിൽ ആക്ടീവ് സോൾട്ട് ഉണ്ടാകാൻ പാടുള്ളൂ. എന്നാൽ, അതിനേക്കാൾ വളരെക്കൂടുതൽ അളവിലുള്ള മരുന്നുകളാണ് പുറത്തു വരുന്നതെന്നും, രോഗികളിൽ ഇത്തരം മരുന്നുകൾ കൂടുതലായി ഉപയോഗിക്കാനുള്ള ആസക്തി ഉണ്ടാക്കുന്നതായും ആരോഗ്യ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
വലിയ അളവിൽ ഡീ അഡിക്ഷൻ മരുന്നുകൾ കെട്ടിക്കിടക്കുന്നതിനാൽ നിയമപരമായി കൊടുക്കാവുന്നതിലും അപ്പുറം അളവിൽ ഇത് രോഗികൾക്ക് നൽകുകയാണ്. അതുവഴി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ആളുകൾ നേരിടുന്നത്. പഞ്ചാബിൽ നിന്നാണ് ഇതു സംബന്ധിച്ച ആദ്യ വിവരങ്ങൾ പുറത്തുവന്നത്. വിവിധ ഡീ അഡിക്ഷൻ സെന്ററുകൾ, സ്വകാര്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് അനുവദനീയമല്ലാത്ത രീതിയിലുള്ള മരുന്നുകൾ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമപരമായി ഉണ്ടാകുന്നതിനേക്കാൾ 17-25 ശതമാനം കൂടുതൽ അളവിലാണ് ഈ മരുന്നുകളിലെ അസംസ്‌കൃത വസ്തുക്കൾ ഉള്ളതെന്നാണ് പരിശോധന ഫലങ്ങൾ വ്യക്തമാക്കുന്നത്. റസാൻ ഫാർമ, മാന ഫാർമസ്യൂട്ടിക്കൽസ്, എസ്ബിഎസ് ബയോടെക്ക് എന്നീ കമ്പനികളിൽ നിന്നുള്ള മരുന്നുകളിലാണ് പ്രധാനമായും പ്രശ്നങ്ങൾ കണ്ടെത്തിയത്. അഡ്ഡ്നോക്ക്-എൻ എന്ന മരുന്നിൽ 2 മില്ലിഗ്രാം ബ്യൂപെർനോർഫിൻ മാത്രമേ ഉണ്ടാകാവൂ, എന്നാൽ 25 ശതമാനം അധികമാണ് ഇപ്പോൾ ഇതിൽ അടങ്ങിയിരിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
ലബോറട്ടറിയിൽ പരിശോധനയ്ക്കയച്ച എല്ലാ മരുന്നുകളിലും സമാനമായ രീതിയിൽ അസംസ്‌കൃത വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇവ മാനസിക നിലയെയും തകരാറിലാക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഇതിനു പിന്നിൽ കുത്തക മരുന്ന് കമ്പനികളാണെന്നാണ് സൂചന. ശക്തമായ രീതിയിലുള്ള പ്രതിരോധ പദ്ധതികൾ ആവിഷ്‌ക്കരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.