
സൈബർ പൊലീസ് ന്നാ സുമ്മാവാ..! കോട്ടയം കുമ്മനം ഈനാഴം സ്വദേശിനിയായ വീട്ടമ്മയുടെ വിദേശ യാത്രാ രേഖകളടങ്ങിയ ഫോൺ നഷ്ടമായി ; മണിക്കൂറുകൾക്കുള്ളിൽ ഫോൺ വീണ്ടെടുത്ത് നൽകി സൈബർ പൊലീസ്; ശുഭയാത്രയ്ക്ക് വഴിയൊരുക്കിയത് മിന്നൽ വേഗത്തിലുള്ള നടപടിക്രമങ്ങൾ
സ്വന്തം ലേഖകൻ
കോട്ടയം : വീട്ടമ്മയ്ക്ക് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട വിദേശ യാത്രാ രേഖകളടങ്ങിയ മൊബൈൽ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടുപിടിച്ചു തിരിച്ച് നൽകി കോട്ടയം സൈബർ പോലീസ്. കോട്ടയം കുമ്മനം ഈനാഴം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി തിരികെ നൽകിയത്. ഇന്ന് രാവിലെ വീട്ടമ്മ തന്റെ മൊബൈൽ ഫോൺ യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടു എന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു .
തനിക്ക് നാളെ വെളുപ്പിനെ വിദേശത്ത് ജോലിക്ക് പോകേണ്ടതാണെന്നും അതിനുള്ള എല്ലാ രേഖകളും ആ മൊബൈൽ ഫോണിൽ ആണ് ഉള്ളതെന്നും വീട്ടമ്മ പരാതിയില്‍ പറഞ്ഞിരുന്നു .ഇതിനെ തുടര്‍ന്ന് ഈ മൊബൈല്‍ ഫോണ്‍ ഉടന്‍തന്നെ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് സൈബര്‍ പോലീസിനു നിര്ദ്ദേശം നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സൈബർ പോലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കുമരകം ചെങ്ങളം കേന്ദ്രീകരിച്ച് മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തുകയും ഇതിനെ തുടർന്ന് സൈബർ പോലീസും, കുമരകം പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ ചെങ്ങളം വായനശാലയ്ക്ക് സമീപം മൊബൈൽ ഫോൺ ഉള്ളതായി കണ്ടെത്തുകയും അന്വേഷണസംഘം സ്ഥലത്തെത്തിയെങ്കിലും ആ സമയത്ത് മൊബൈൽ ഫോൺ അവിടെ നിന്ന് മറ്റൊരു ദിശയിലേക്ക് പോയതായി മനസ്സിലാക്കുകയും , തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇല്ലിക്കൽ ഭാഗത്തുള്ള വീട്ടമ്മയ്ക്ക് മൊബൈൽ ഫോൺ കളഞ്ഞു കിട്ടിയതായി അറിവ് ലഭിക്കുകയും പോലീസ് സംഘം അവിടെ എത്തിയപ്പോൾ വീട്ടമ്മ മൊബൈൽ ഫോൺ പോലീസിനെ തിരികെ ഏൽപ്പിക്കുകയുമായിരുന്നു.
തിരികെ ലഭിച്ച മൊബൈൽ ഫോൺ പരാതിക്കാരിയായ വീട്ടമ്മയ്ക്ക് തിരികെ നൽകി പോലീസ് ശുഭയാത്ര നേരുകയും ചെയ്തു. സൈബർ സ്റ്റേഷൻ എസ്.എച്ച്.ഓ ജഗദീഷ്, എസ്.ഐ ജയചന്ദ്രൻ, കുമരകം എസ്.ഐ സുരേഷ് എസ്, സി.പി.ഓ മാരായ രാജേഷ്കുമാർ, സതീഷ്കുമാര്‍ എന്നിവരാണ് സൈബർ സംഘത്തിൽ ഉണ്ടായിരുന്നത്.