
സ്വന്തം ലേഖകൻ
തൃശൂർ: മുംബയ് പൊലീസിലെ ഓഫീസറെന്ന പേരിൽ സൈബർ തട്ടിപ്പിന് ശ്രമിച്ച യുവാവിനെ പൊളിച്ചടുക്കി. പൊലീസ് യൂണിഫോമിൽ ക്യാമറ നേരെ വയ്‌ക്കാൻ ആവശ്യപ്പെട്ട് മുംബയിൽ നിന്നുള്ള യുവാവ് വിളിച്ചത് തൃശൂർ പൊലീസ് സൈബർ സെൽ എസ്.ഐ ഫിസ്‌റ്റോ ടി.ഡിയെയാണ്. എവിടെയാണെന്നും ക്യാമറ നേരെയാക്കി വയ്‌ക്കണം എന്നും ആവശ്യപ്പെടുന്ന യുവാവിനോട് എസ്.ഐ തന്റെ ഫോണിലെ ക്യാമറ ശരിയല്ല എന്ന് പറഞ്ഞ ശേഷം അതിവേഗം തന്റെ മുഖം കാണിച്ചു.
ശരിക്കുള്ള പൊലീസിന്റെ മുന്നിലാണ് പെട്ടത് എന്നറിഞ്ഞ കള്ള പൊലീസ് ഞെട്ടി. നമസ്‌കാരം പറഞ്ഞ് തടിതപ്പാൻ ശ്രമിച്ച യുവാവിനോട് തൃശൂർ സൈബർ സെല്ലിലാണ് ഇതെന്നും തട്ടിപ്പുകാരന്റെ ലൊക്കേഷനും അഡ്രസുമെല്ലാം തന്റെ കൈവശം ലഭിച്ചിട്ടുണ്ടെന്നും എസ്.ഐ പറയുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ തൃശൂർ സിറ്റി പൊലീസിന്റെ ഇൻസ്‌റ്റ അക്കൗണ്ടിൽ ഷെയർ ചെയ്‌തപ്പോൾ നിരവധി നല്ല കമന്റുകളാണ് ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടുവയെ പിടിച്ച കിടുവ, യേ കാം ഛോട്‌ദോ ഭായ്.. എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. തീക്കട്ടയിൽ ഉറുമ്പരിക്കുന്നോ, തീപ്പെട്ടിയില്ല പകരം തീയിരിക്കട്ടെ എന്നിങ്ങനെ രസകരമായ കമന്റുകളാണ് മലയാളികൾ പോസ്റ്റിൽ കുറിച്ചത്.കോൾ വഴി ആദ്യം ഒരു സൈബർ പരാതിയുണ്ടെന്നും വൈകാതെ വീഡിയോ കോൾ വഴി ഉന്നത പൊലീസുദ്യോഗസ്ഥൻ വിളിക്കും എന്നും അറിയിക്കും. ശേഷം വെർച്വൽ അറസ്‌റ്റ് ചെയ്‌ത് ബാങ്ക് വിവരങ്ങൾ ശേഖരിച്ച് പണം തട്ടുന്നതാണ് ഇവരുടെ തട്ടിപ്പുരീതി. ഇത്തരം കോളുകൾ അവഗണിക്കണമെന്നതാണ് പൊലീസ് നൽകുന്ന നിർദ്ദേശം.