ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച്‌ വൻതുക സമ്പാദിക്കാം….! സൈബര്‍ തട്ടിപ്പിനിരയായി തലസ്ഥാനത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും; ഒറ്റ മാസം കൊണ്ട് നഷ്ടപ്പെട്ടത് 77 ലക്ഷം രൂപ

Spread the love

തിരുവനന്തപുരം: കസ്റ്റംസ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗണ്‍സലും തിരുവനന്തപുരത്തെ മുതിർന്ന അഭിഭാഷകനുമായ ശാസ്തമംഗലം എസ്.അജിത് കുമാറിനെ വരെ വീഴ്ത്തി സൈബർ തട്ടിപ്പ് സംഘങ്ങള്‍.

ഇക്കഴിഞ്ഞ ജൂണ്‍ 21 മുതലുള്ള ഒറ്റ മാസം കൊണ്ട് തട്ടിയെടുത്തത് 77 ലക്ഷം രൂപ. ജൂലൈ 27 വരെയായി പല ഘട്ടങ്ങളിലായി അക്കൗണ്ടിലേക്ക് നല്‍കിയ തുകയുടെ വിശദമായ കണക്ക് സഹിതമാണ് തിരുവനന്തപുരം സിറ്റി പോലീസിന് അജിത് കുമാർ പരാതി നല്‍കിയിരിക്കുന്നത്.

ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച്‌ വൻതുക സമ്പാദിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാട്സാപ്പില്‍ ഒരുസംഘം ബന്ധപ്പെടുന്നു. ഷെയർഖാൻ ക്ലബ് 88 എന്ന ഗ്രൂപ്പില്‍ അജിത് കുമാറിനെ ചേർക്കുന്നു. അടുത്തതായി ബ്ലോക്ക് ടൈഗേഴ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതും ചെയ്തു കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ ബന്ധപ്പെട്ട് രണ്ട് അക്കൗണ്ടുകളിലേക്കായി അഞ്ചുലക്ഷം രൂപ വീതം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. അതങ്ങനെ ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൻ്റെ ഫലമായി തുക ഇരട്ടിക്കുന്നതായി വ്യാജമായി സ്ക്രീൻഷോട് ഉണ്ടാക്കി കാണിച്ചു. ഇതോടെയാണ് വിശ്വാസം വന്ന് കൂടുതല്‍ തുകകള്‍ നല്‍കുന്നത്.

ഈമാസം 27 വരെ പല തവണയായി തുക ബാങ്ക് അക്കൗണ്ട് വഴി ട്രാൻസ്ഫർ ചെയ്തുകൊണ്ടേയിരുന്നു. തുക ഒരുകോടിക്ക് അടുത്തെത്തിയപ്പോള്‍ പിന്നെ പ്രതികള്‍ ബന്ധം വിട്ടു. അപ്പോഴേക്കും വാട്സാപ്പ് ഗ്രൂപ്പും അപ്രത്യക്ഷമായി.
കബളിപ്പിക്കപ്പെട്ടുവെന്ന് ഈ ഘട്ടത്തില്‍ തോന്നിയപ്പോഴാണ് പോലീസിനെ സമീപിച്ചത്. സൈബർ ഡിവിഷൻ്റെ സഹകരണത്തോടെ തിരുവനന്തപുരം സിറ്റി പോലീസാണ് കേസ് അന്വേഷിക്കുന്നത്.