സമാധാനമായി ഉറങ്ങാന്‍ സാധിക്കുന്നില്ല ; തട്ടിപ്പിന് ശ്രമിച്ച പ്രതി പോലീസിന് മുന്നിൽ മനസ് തുറന്നു ; ഒരാള്‍ തട്ടിപ്പ് നിര്‍ത്തുന്നു എന്ന് പറയുന്നത് ഒരു പോലീസുകാരന്‍ എന്ന നിലയില്‍ സന്തോഷം നല്‍കുന്ന ഒന്നാണെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ

Spread the love

സ്വന്തം ലേഖകൻ 

തട്ടിപ്പിന് ശ്രമിച്ചയാളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി മനംമാറ്റിയിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ. പാലക്കാട് സ്വദേശിയായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ് തട്ടിപ്പിന് ശ്രമിച്ച ഒരു വിദ്യാർഥിയെ ഉപദേശിച്ച്‌ നല്ല വഴിക്ക് നടത്തിച്ചത്. പോലീസുകാരന് മുന്നില്‍ വിദ്യാർഥി മനസ് തുറക്കുകയും ചെയ്തു.

ചെന്നൈ കാമരാജാർ പോർട്ടിലെ സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാന്റന്റ് കിഷോർ കുമാർ എ.വിയാണ് തട്ടിപ്പുകാരനെ കൈയ്യോടെ പിടികൂടി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയത്. താനൊരു വിദ്യാർഥിയാണെന്നും പാർട് ടൈം ജോലി ആയിട്ടാണ് തട്ടിപ്പ് ചെയ്യുന്നതെന്നുമെല്ലാം സൈബർ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ യുവാവ് കിഷോർ കുമാറിനോട് വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ചീഫ് ആയി പ്രവർത്തിച്ചയാളാണ് കിഷോർ കുമാർ. 2020 കരിപ്പൂർ വിമാന ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തില്‍ സി.ഐ.എസ്.എഫിനെ നയിച്ചതും ഇദ്ദേഹമാണ്. സൈബർ തട്ടിപ്പുകാരന്റെ കുമ്ബസാരത്തെക്കുറിച്ച്‌ കിഷോർ കുമാർ.

നവംബര്‍ 16-ന് ഉച്ചയോടെയാണ് എനിക്ക് തട്ടിപ്പുകാരുടെ കോള്‍ വന്നത്. ട്രായ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് അവര്‍ വിളിച്ചത്. എനിക്ക് തുടക്കത്തിൽ തന്നെ ഇത് തട്ടിപ്പാണെന്ന് മനസ്സിലായി. മുംബൈയില്‍ ആരോ എന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് സിം എടുക്കുകയും അത് ദുരുപയോഗം ചെയ്തുവെന്നുമാണ് വിളിച്ചവർ പറഞ്ഞത്.

ആ സംഭാഷണം മുന്നോട്ട് കൊണ്ടുപോകാനായിരുന്നു എന്റെ തീരുമാനം. ഞാന്‍ ടെന്‍ഷന്‍ ഉള്ളതുപോലെ അഭിനയിച്ചു. വിളിച്ചയാൾ കോള്‍ മുംബൈ സൈബര്‍ സെല്ലിലേയ്ക്ക് വിടുകയാണെന്ന് പറഞ്ഞു. പിന്നെ മറ്റൊരാളാണ് എന്നോട് സംസാരിച്ചത്. അവര്‍ കേസ് നമ്പരും വിശദാംശങ്ങളും ഒക്കെ പറഞ്ഞു. ഹിന്ദിയിലാണ് അവര്‍ സംസാരിച്ചത്. 45 മിനിറ്റോളം സംസാരിച്ചു. വീഡിയോ കോളില്‍ വരാൻ പറഞ്ഞെങ്കിലും ഞാന്‍ പറ്റില്ലെന്ന് അറിയിച്ചു.

പിന്നീട് ഞാന്‍ അയാളുടെ പേരുവിവരങ്ങള്‍ ഒക്കെ ചോദിക്കാന്‍ തുടങ്ങി. തട്ടിപ്പ് ഞാന്‍ കണ്ടുപിടിച്ചെന്ന് അയാള്‍ക്ക് മനസ്സിലായെങ്കിലും സമ്മതിച്ചുതരാന്‍ ആദ്യം കൂട്ടാക്കിയില്ല. സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ തന്നെയാണ് താനെന്ന വാദത്തില്‍ അയാള്‍ ഉറച്ചുനിന്നു. ഒടുവിൽ അയാൾക്ക് കീഴടങ്ങാതെ തരമില്ലെന്നായി. ഏത് ഘട്ടത്തിലാണ് ഇത് തട്ടിപ്പാണെന്ന് മനസ്സിലായതെന്ന് എന്നോട് ചോദിച്ചു. തുടക്കം മുതലേ എനിക്ക് മനസ്സിലായെന്ന് ഞാന്‍ തിരിച്ചു പറഞ്ഞു.

സംസാരം തുടര്‍ന്നതോടെ താന്‍ കോളേജ് വിദ്യാര്‍ഥിയാണെന്നും പാര്‍ട് ടൈം ജോലിയായിട്ടാണ് തട്ടിപ്പ് നടത്തുന്നതെന്നും അയാള്‍ പറഞ്ഞു. പിന്നീട് ഞാന്‍ അയാളോട് കുറച്ചുനേരം സംസാരിച്ചു. ഒരുവിധപ്പെട്ട എല്ലാവര്‍ക്കും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിയാമെന്നും അധികമാരും ഇപ്പോള്‍ തട്ടിപ്പിന് ഇരയാകാറില്ലെന്നും ഞാന്‍ അയാളെ ബോധിപ്പിച്ചു. പക്ഷേ ഒരുപാട് പേര്‍ ഇപ്പോഴും തട്ടിപ്പിലകപ്പെടുന്നുണ്ടെന്നും കുറെ കാശ് ലഭിക്കാറുണ്ടെന്നും അയാള്‍ പറഞ്ഞു.

അതോടെ തനിക്ക് മനസമാധാനമായി ഉറങ്ങാന്‍ സാധിക്കാറുണ്ടോയെന്ന് ഞാന്‍ ചോദിച്ചു. സമാധാനമായി തനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നായിരുന്നു അയാളുടെ മറുപടി. എത്ര കോടികള്‍ ഉണ്ടാക്കിയാലും മനസമാധാനം ഇല്ലെങ്കില്‍ കാര്യമില്ലെന്ന് ഞാന്‍ അയാളെ ബോധിപ്പിച്ചു. ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെ ഞാന്‍ അയാള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഏകദേശം ഒരുമണിക്കൂറോളമാണ് ഞാന്‍ അയാളോട് സംസാരിച്ചത്.

തനിക്ക് കാര്യങ്ങള്‍ മനസ്സിലായെന്നും ഇനി തട്ടിപ്പ് തുടരില്ലെന്നും പറഞ്ഞാണ് അദ്ദേഹം ഫോണ്‍ വെച്ചത്. അയാള്‍ തട്ടിപ്പ് നിര്‍ത്തുമോ ഇനിയും തുടരുമോ എന്നൊന്നും എനിക്ക് ഉറപ്പില്ല. പക്ഷേ ഞാന്‍ കാരണം ഒരാളെങ്കിലും മാറി ചിന്തിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സന്തോഷം. അയാള്‍ പേരും സ്ഥലവുമൊക്കെ പറഞ്ഞെങ്കിലും അത് വ്യാജമാണെന്ന് ഉറപ്പാണ്. ഒരുപാട് വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ആയി ഇത്തരം തട്ടിപ്പ് ചെയ്യുന്നുണ്ടെന്ന് ഇയാള്‍ എന്നോട് പറഞ്ഞു. ഒരുപാട് തട്ടിപ്പ് കോളുകള്‍ വന്നിട്ടുണ്ടെങ്കിലും ഞാന്‍ കാരണം ഒരാള്‍ തട്ടിപ്പ് നിര്‍ത്തുന്നു എന്ന് പറയുന്നത് ഒരു പോലീസുകാരന്‍ എന്ന നിലയില്‍ സന്തോഷം നല്‍കുന്ന ഒന്നാണ്.