
തിരുവനന്തപുരം:വർധിച്ചുവരുന്ന സൈബർ തട്ടിപ്പു സംഘങ്ങളെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ 263 പേർ അറസ്റ്റിൽ. 382 കേസുകൾ റജിസ്റ്റർ ചെയ്തതായും എഡിജിപി എസ്.ശ്രീജിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തട്ടിപ്പ് പണം ചെക്ക് വഴി പിൻവലിച്ചവരെയും എടിഎം കാർഡ് വഴി പിൻവലിച്ചവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് കൊടുത്തവരെയും വിൽപന നടത്തിയവരെയുമെല്ലാം പരിശോധനയിൽ ലക്ഷ്യമിട്ടു. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു.
എറണാകുളം റൂറൽ ജില്ലയിൽ 43 പേരാണ് ഓപ്പറേഷൻ സൈ ഹണ്ടിൽ അറസ്റ്റിലായത്. ഏറ്റവും കൂടുതൽ പേരെ പിടികൂടിയത് കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയിൽ നിന്നുമാണ്. എട്ടു പേരെ വീതം ഇവിടെനിന്നും അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലുവ, എടത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിൽ 4 പേർ വീതവും, തടിയിട്ടപറമ്പ് 3 പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന. മൂവാറ്റുപുഴയിൽ മുപ്പത്താറ് ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധന നടത്തി.
ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ 5 സബ് ഡിവിഷനുകളിലായാണ് പരിശോധന. ബാങ്ക് അക്കൗണ്ടുകൾ എടുത്ത് വാടകയ്ക്ക് നൽകുന്നതും, വിൽക്കുന്നതും മറ്റൊരാൾക്ക് കൈകാര്യം ചെയ്യാൻ നൽകുന്നതും സൈബർ കുറ്റകൃത്യങ്ങൾക്ക് കാരണമാകും എന്നതിനാൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത ഉണ്ടാകണമെന്ന് എസ്പി പറഞ്ഞു.
ഓപ്പറേഷൻ സൈ – ഹണ്ടിന്റെ ഭാഗമായി കാലടിയിൽ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിലായി. ശ്രീമൂലനഗരം പാറ തെറ്റ തെക്കുംഭാഗം കാവലങ്ങാട്ടുതറ വീട്ടിൽ അനീഷി (40) നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്നും 24 തവണകളിലായി 76,38,601 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.
കോതമംഗലത്ത് നടത്തിയ റെയ്ഡിൽ വാരപ്പെട്ടി ഇഞ്ചൂർ വട്ടക്കുടിയിൽ മുഹമ്മദ് യാസിൻ (22) എന്നയാളെ അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളിൽ നിന്നും 2,97,000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂൾ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിൻവലിച്ച് സംഘടിത കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.



