കുടുംബത്തെ വേട്ടയാടുന്നു, സൈബർ ആക്രമണത്തിൽ പരാതിയുമായി പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യ

Spread the love

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് ആവശ്യപ്പെട്ട് അന്വേഷണ സംഘം. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ. അതേസമയം കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍റെ ഭാര്യയും തനിക്കെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തെ വേട്ടയാടുന്നെന്നാണ് പരാതി. ഫോട്ടോയടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്നും ലൈംഗികാധിക്ഷേപ പരാമർശങ്ങൾ നടത്തുന്നെന്നും പരാതിയിൽ പറയുന്നു. വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

സിപിഎം നേതാവ് കെ ജെ ഷൈനിനും വൈപ്പിൻ എംഎൽഎ കെ എൻ. ഉണ്ണികൃഷ്ണനും എതിരായ സൈബർ ആക്രമണത്തിൽ അന്വേഷണസംഘത്തിന് മുന്നോട്ടുപോകണമെങ്കിൽ സമൂഹമാധ്യമ പോസ്റ്റുകളുടെ ഉറവിടത്തെക്കുറിച്ച് മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. പോസ്റ്റുകൾ വന്ന അക്കൗണ്ടുകൾ ഇവർ തന്നെയാണോ കൈകാര്യം ചെയ്തതെന്ന് ഉറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ഷൈനിന് പുറമെ സിപിഎം എംഎൽഎമാരും പരാതി നൽകിയതോടെയാണ് കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് റിപ്പോർട്ട് പെട്ടന്ന് വേണമെന്ന് കത്ത് നൽകിയത്.

100ലേറെ സമൂഹമാധ്യമ അക്കൗണ്ടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കാനും സാധ്യതയുണ്ട്.മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും കെ.എം.ഷാജഹാൻ അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ. കേസിലെ ഒന്നാം പ്രതി കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും നാട്ടിൽ ഇല്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോപാലകൃഷ്ണനെതിരെ കേസെടുത്തതിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം നടക്കുകയാണെന്ന് ഭാര്യ ഷെർളി പരാതി നൽകി. ഫോട്ടോയടക്കം ലൈംഗിക അധിക്ഷേപ കമന്‍റുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. ഗോപാലകൃഷ്ണന്‍റെ വീട്ടിലേക്ക് ഇന്നലെ രാത്രി സിപിഎം പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു.

സൈബർ ആക്രമണത്തെക്കുറിച്ച് കെ.ജെഷൈനും എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനും മുനമ്പം ഡിവൈഎസ്പിക്ക് മൊഴി നൽകിയിട്ടുണ്ട്. പരാതി നൽകിയ സിപിഎം എംഎൽഎമാരായ പി.വി ശ്രീനിജൻ, കെ.ജെ മാക്സി, ആന്‍റണി ജോൺ എന്നിവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.