സൈബർ ആക്രമണം : വനിതാ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ല , പുറത്തിറങ്ങാൻ ഭയമാകുന്നു : സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി
സ്വന്തം ലേഖകൻ
കോഴിക്കോട്: തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ നടി സജിത മഠത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. വ്യക്തിപരമായി അപമാനിക്കുകയും അധക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയർത്തുന്നതുമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ മനഃപൂർവം പ്രചരിപ്പിക്കുന്നുണ്ടെന്നും അതിൽ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്.
ഇതിനുപുറമെ തന്റെ നേർക്ക് പൊതുസ്ഥലത്ത് വച്ച് ആക്രമണമുണ്ടാകുമോയെന്ന് ഭയക്കുന്നതായും സജിത മഠത്തിൽ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കാനും തേജോവധം ചെയ്യാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും സജിതയുടെ പരാതിയിൽ ഉണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്കെതിരായ സൈബർ ആക്രമണത്തിൽ വനിതാ കമ്മീഷൻ നടപടി സ്വീകരിക്കുന്നില്ലെന്നും സജിത പറഞ്ഞു. കഴിഞ്ഞ എട്ടാം തിയതിയാണ് സജിത വിഷയത്തിൽ വനിതാ കമ്മീഷന് പരാതി നൽകിയത്. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് സജിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലൻ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തിൽ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ നിന്നും സജിത നേരിട്ടത്. അലന്റെ അമ്മയുടെ സഹോദരിയാണ് സജിത.