
കൊച്ചി: സംസ്ഥാനത്ത് സൈ-ഹണ്ട് എന്ന പേരിൽ സൈബർ കുറ്റവാളികളെ കുരുക്കാൻ പോലീസ് നടത്തിയ തിരച്ചിലിൽ 263 പേർ അറസ്റ്റിൽ. 382 കേസുകളെടുത്തെന്നും 125 പേർ നിരീക്ഷണത്തിലുണ്ടെന്നും എഡിജിപി എസ് ശ്രീജിത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരള പോലീസ് സൈബർ ഓപ്പറേഷൻസിന്റെ റെയ്‌ഞ്ച് ഡിഐജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും മേൽനോട്ടത്തിൽ വ്യാഴാഴ്ച പുലർച്ചെ ആറുമുതൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വ്യാപക റെഡിയാണ് നടന്നത്. സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരുടെയും എടിഎം വഴി പിൻവലിച്ച 361 പേരുടെയും, അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്നു ലഭിച്ചതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. വിശദമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ പോലീസ് കുരുക്കിയത്.
പലതരത്തിലുള്ള കേസുകളിലാണ് പിടിവീണത്. ട്രേഡിങ് തട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിൽ അടക്കം പരസ്യം നൽകിയുള്ള തട്ടിപ്പ്, ലോൺ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് തുടങ്ങിയവയിൽ ഏർപ്പെട്ടിരുന്നവരാണ് ഏറെയും പിടിയിലായത്. രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിപ്പ് നടത്തിയെടുത്ത പണം, ചെക്കുകൾ ഉപയോഗിച്ചും എടിഎം വഴിയും പിൻവലിച്ച് അനധികൃതമായി സാമ്പത്തികം ഉണ്ടാക്കിയവരെയും, അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മിഷൻ കൈപ്പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



