
ബഹുമാനിക്കാത്തവരെ ബഹുമാനിപ്പിക്കാൻ സ്വപ്നക്കറിയാം: മാഡത്തെ സല്യൂട്ട് ചെയ്യാത്തതിൽ കോണ്‍സുലേറ്റ് ഓഫീസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ നൽകിതിന്റെ വിവരങ്ങൾ പുറത്ത്: സ്വപ്ന തലസ്ഥാനത്ത് തന്നെയുണ്ടെന്ന് സൂചന; കസ്റ്റംസ് അന്വേഷണം ഊർജിതമാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബാലരാമപുരത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് തുടങ്ങി അബുദാബിയില്‍ വളര്‍ന്ന് തിരുവനന്തപുരത്ത് വേരുറപ്പിച്ച ജീവിത മായിരുന്നു സ്വപ്നയുടേത്. പിതാവ് അബുദാബിയില്‍ ബിസിനസായതിനാല്‍ അവിടെയായിരുന്നു വിദ്യാഭ്യാസം. ആദ്യ ജോലിയും അവിടെ തന്നെ. 2013ല്‍ എയര്‍ ഇന്ത്യാ സാറ്റ്സില്‍ എച്ച്. ആര്‍ മാനേജരായി എത്തുന്നതോടെയാണ് തലസ്ഥാനത്തെ ബന്ധങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം അവിടെ. അതിനിടെ വ്യാജരേഖാ കേസില്‍പെട്ട് ജോലി പോകുമെന്നായപ്പോള്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ചേക്കേറി. പിതാവിന്റെ ദുബായി ബന്ധവും അറബി ഭാഷയിലെ കഴിവുമായിരുന്നു ഡിഗ്രി മാത്രം കൈമുതലായുള്ള സ്വപ്നയെ നയതന്ത്ര ഓഫീസിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കിയത്.
തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ ഓഫീസ് തുടങ്ങിയത് മുതല്‍ സ്വപ്നയായിരുന്നു അവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കി നടത്തിയിരുന്നത്. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്ന അടുത്ത ബന്ധം പുലർത്തിയിരുന്നു. മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ സ്വപ്ന പങ്കെടുത്തു. യോഗങ്ങളിൽ നയതന്ത്ര അഭിപ്രായങ്ങള്‍ പോലും പറയാനുള്ള മൗനാനുമതി മേധാവുകൾ നൽകിയിരുന്നുവെന്നത് ശ്രദ്ധേയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫീസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മീഷ്ണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പല അധികാര കേന്ദ്രങ്ങളിലും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്ന സംസ്ഥാനം ഭരിക്കുന്ന സർക്കാർ തലത്തിൽ പോലും കടന്നു കൂടിയത്.
അതേസമയം സ്വപ്ന സുരേഷിനായി കസ്റ്റംസ് തിരച്ചില്‍ ഊജ്ജിതമാക്കി. യുവതി തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് സൂചന. സ്വപ്‌നയുടെ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം ആറുമണിക്കൂര്‍ റെയ്ഡ് നടത്തിയെങ്കിലും അവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. യുവതിയുടെ സഹോദരന്റെ സാന്നിദ്ധ്യത്തിലായിരുന്നു റെയ്ഡ്. അതേസമയം സ്വപ്ന ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വ്യാഴാഴ്ച കസ്റ്റംസിനു മുന്നില്‍ കീഴടങ്ങുമെന്നും സൂചനയുണ്ട്.