ഇ.ഡിയ്ക്ക് പിന്നാലെ സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും ; മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന സ്വപ്‌നയുടെ ആരോപണം അസംബന്ധമെന്നും കസ്റ്റംസ്
സ്വന്തം ലേഖകൻ
കൊച്ചി: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. ശിവശങ്കർ ഇ.ഡിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ.
ഇതിനിടെ മാധ്യമങ്ങൾക്ക് രേഖ ചോർത്തി നൽകി എന്ന സ്വപ്ന സുരേഷിന്റെ അഭിഭാഷകന്റെ ആരോപണം ഉയർത്തിയിരുന്നുയ എന്നാലിത് അസംബന്ധമെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് കോടതിയിൽ മറുപടി സത്യവാങ്ങ്മൂലം നൽകുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വർണക്കടത്ത് കേസിൽ അഞ്ചാം പ്രതിയായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ നൽകിയത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നു പ്രാവശ്യം കസ്റ്റംസ് ശിവശങ്കറെ ചോദ്യം ചെയ്തിരുന്നു.
എന്നാൽ, ചോദ്യം ചെയ്യലിൽ ശിവശങ്കറിനെ സ്വർണക്കടത്തുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ കസ്റ്റംസിന് ലഭിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കസ്റ്റംസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.
ഈ മാസം 16ന് രാവിലെ 10 മുതൽ 5 മണി വരെയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിനിടയിൽ ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും അര മണിക്കൂർ ഇടവേള അനുവദിക്കണം. ആവശ്യമെങ്കിൽ അഭിഭാഷകനുമായി കൂടിയാലോചന നടത്താനും കോടതി ശിവശങ്കറിന് അനുമതി നൽകിയിട്ടുണ്ട്.