അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ് ..! ചികിൽസയ്‌ക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഇനി മുതൽ നികുതിയില്ല; ഇളവുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ് തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഇറക്കുമതിത്തീരുവ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ 10% കസ്റ്റംസ് തീരുവയുണ്ടായിരുന്നു.
ഇളവുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പല മരുന്നുകൾക്കും അഞ്ചു മുതൽ പത്ത് ശതമാനം വരെയാണ് എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നത്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുന്നവർക്ക് ഒരു വർഷം പത്ത് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ചികിൽസാ ചിലവായി വരുന്നത്. എക്‌സൈസ് തീരുവ ഒഴിവാക്കുന്ന പശ്‌ചാത്തലത്തിൽ ചികിൽസാ ചിലവ് ക്രമേണ കുറയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച, കാൻസർ തുടങ്ങിയ അപൂർവ രോഗങ്ങളുടെ 51 മരുന്നുകളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ, ചികിൽസയ്‌ക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഇനി മുതൽ നികുതിയില്ല. എസ്എംഎ ഉൾപ്പടെയുള്ള ഏതാനും രോഗങ്ങൾക്കുള്ള മരുന്നിന് നേരത്തെ ഇളവ് നൽകിയിരുന്നു.
2021ലെ അപൂർവ രോഗ ദേശീയ നയത്തിന്റെ ഭാഗമായുള്ള രോഗങ്ങളുടെ പട്ടികയിലെ 51ഇനം രോഗങ്ങൾക്കുള്ള മരുന്നുകളെയാണ് ഇറക്കുമതി തീരുവയിൽ നിന്നും പൂർണമായി ഒഴിവാക്കിയിരിക്കുന്നത്. ഇളവ് ലഭിക്കുന്നതിനായി ആവശ്യക്കാർ ഹെൽത്ത് ഡയറക്‌ടറുടേയോ ജില്ലാ മെഡിക്കൽ ഓഫീസർ അല്ലെങ്കിൽ സിവിൽ സർജന്റെയോ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
മരുന്നുകൾക്ക് നിലവിൽ പത്ത് ശതമാനമാണ് ഇറക്കുമതി തീരുവ. ജീവൻരക്ഷാ മരുന്നുകൾക്കും വാക്‌സിനുകൾക്കും അഞ്ചു ശതമാനം വരെയും തീരുവയുണ്ട്.