തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം; മരിച്ചത് പൊലീസ് റൗഡി ലിസ്റ്റിലുള്ള സ്ഥിരം കുറ്റവാളിയായ യുവാവ്
സ്വന്തം ലേഖകന്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ നാല് മാസത്തിനിടെ മൂന്നാമത്തെ കസ്റ്റഡി മരണം. പൊലീസ് കസ്റ്റഡിയിലിരിക്കെ അബോധാവസ്ഥയിലായി ആശുപത്രിയില്‍ എത്തിച്ച ചെന്നൈ അയനാവരം സ്വദേശി ആകാശാണ് മരിച്ചത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ തമിഴ്‌നാട് പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളയാളാണ്. റെയില്‍വേജീവനക്കാരനായ ബാലകൃഷ്ണമൂര്‍ത്തി എന്നയാളുടെ കാര്‍ തകര്‍ത്ത കേസിലെ അന്വേഷണത്തിനായാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. ആകാശിന്റെ മരണം കസ്റ്റഡി മര്‍ദനം മൂലമാണെന്ന് ആരോപിച്ച് കുടുംബം പരാതി നല്‍കി.
കഴിഞ്ഞ നാലുമാസത്തിനിടെ ചെന്നൈ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിക്കുന്ന മൂന്നാമത്തെയാളാണ് ആകാശ്. ജൂണ്‍ 13ന് കൊടുങ്കയൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത രാജശേഖരന്‍, ഏപ്രില്‍ 18ന് സെക്രട്ടേറിയറ്റ് ജി 5 സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്ത മറീന ബീച്ചില്‍ കുതിര സവാരി നടത്തിയിരുന്ന വിഗ്‌നേഷ് എന്നിവരും സമാനമായ രീതിയിലാണ് മരിച്ചത്. ഈ കേസുകളില്‍ പൊലീസുകാര്‍ നിയമനടപടി നേരിടുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്റ്റഡിയിലെടുത്ത് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മദ്യലഹരിയിലായ ആകാശിനെ കൂട്ടിക്കൊണ്ട് പോകണമെന്ന് കുടുംബത്തെ അറിയിച്ചു. വീട്ടുകാരെത്തി ഇയാളെ കില്‍പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആകാശ് മരിച്ചത്. ആകാശ് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായെന്നാണ് കുടുംബം പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി.