
അടുക്കളയിൽ ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് കറിവേപ്പില. പ്രകൃതിദത്തമായ ചേരുവകൾ ചേർക്കുമ്പോഴാണ് ഭക്ഷണത്തിന് കൂടുതൽ സ്വാദുണ്ടാകുന്നത്. അത്തരത്തിൽ ഏതൊരു ഭക്ഷണത്തിനൊപ്പവും ചേർക്കാൻ കഴിയുന്ന ഒന്നാണ് കറിവേപ്പില.
എളുപ്പത്തിൽ എവിടെയും വളരുന്ന ഒന്നാണിത്. എന്നാൽ എല്ലാ വീടുകളിലും പച്ചക്കറികൾ വളർത്താറില്ല. അതിനാൽ തന്നെ ഇത്തരം സാധനങ്ങൾ കടയിൽ നിന്നും വാങ്ങേണ്ടതായി വരും. പലരും കറിവേപ്പില ഒരുമിച്ച് വാങ്ങി സൂക്ഷിക്കാറാണ് പതിവ്. എന്നാൽ വാങ്ങിയ കറിവേപ്പില നന്നായി സൂക്ഷിച്ചില്ലെങ്കിൽ ഇവ പെട്ടെന്ന് കേടായിപ്പോകാനും സാധ്യതയുണ്ട്. അതിനാൽ തന്നെ അടുക്കളയിൽ കറിവേപ്പില സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്.
1. കറിവേപ്പിലയിൽ നിന്നും ഇലകളെ മാത്രം അടർത്തിയെടുക്കണം. വെള്ളത്തിൽ നന്നായി കഴുകിയതിന് ശേഷം കിച്ചൻ ടവൽ അല്ലെങ്കിൽ വൃത്തിയുള്ള തുണിയിൽ വെച്ച് വെള്ളം മുഴുവനായും കളയണം. ശേഷം ഇതൊരു പാത്രത്തിലാക്കി 3 ദിവസത്തോളം സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിൽ വയ്ക്കാം. സൂര്യപ്രകാശം കിട്ടുമ്പോൾ കറിവേപ്പില നന്നായി ഉണങ്ങും. ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഇത് അടച്ച് സൂക്ഷിക്കാവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. തണ്ടിൽ നിന്നും ഇലകൾ അടർത്തിയെടുത്തതിന് ശേഷം നന്നായി കഴുകി വൃത്തിയാക്കണം. ശേഷം ഒരു തുണി ഉപയോഗിച്ച് ഇലയിലെ ഈർപ്പം മുഴുവനും കളയാം. കഴുകി വൃത്തിയാക്കിയ കറിവേപ്പില ഫ്രൈ പാനിൽ ചെറിയ രീതിയിൽ ചൂടാക്കിയെടുക്കണം. ഇങ്ങനെ ചെയ്താലും കറിവേപ്പില കൂടുതൽ ദിവസം കേടുവരാതിരിക്കാറുണ്ട്.
3. അല്ലെങ്കിൽ കഴുകി വൃത്തിയാക്കിയ കറിവേപ്പില ഉണക്കി പൊടിച്ചും സൂക്ഷിക്കാവുന്നതാണ്. പൊടിച്ചെടുത്ത കറിവേപ്പില പൊടി വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്.