play-sharp-fill
അനധികൃതമായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചാൽ ബാങ്കിന് ഉത്തരവാദിത്തമെന്ന്‌   ഹൈക്കോടതി

അനധികൃതമായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചാൽ ബാങ്കിന് ഉത്തരവാദിത്തമെന്ന്‌ ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ഹൈക്കോടതി. മൊബൈൽഫോണിൽ എസ്എംഎസ് സന്ദേശം നൽകിയതുകൊണ്ടോ ഇടപാടുകാരൻ അതിൽ കൃത്യസമയത്ത് പ്രതികരിക്കാത്തതുകൊണ്ടോ ബാങ്കിന്റെ ഉത്തരവാദിത്തം ഇല്ലാതാവുന്നില്ലെന്ന് ജസ്റ്റിസ് പി ബി സുരേഷ്‌കുമാർ ഉത്തരവിൽ പറഞ്ഞു. തന്റെ അക്കൗണ്ടിൽനിന്ന് വിദേശത്തെ വിവിധ എടിഎമ്മുകൾവഴി 2.41 ലക്ഷം രൂപ അനധികൃതമായി പിൻവലിച്ചതിനെത്തുടർന്നുണ്ടായ നഷ്ടം ബാങ്ക് വീട്ടാത്തതിനെത്തുടർന്ന് ബ്രസീലിൽ ജോലിചെയ്യുന്ന മീനച്ചിൽ സ്വദേശി പി ടി ജോർജ് ആരംഭിച്ച നിയമനടപടിയാണ് ഹൈക്കോടതിയിലെത്തിയത്.

എസ്ബിടി പാലാ ശാഖയിൽ നോൺ റസിഡൻഷ്യൽ എക്‌സ്റ്റേണൽ അക്കൗണ്ട് ഹോൾഡറായിരുന്ന ജോർജിന് നെറ്റ് ബാങ്കിങ് സൗകര്യവും എടിഎമ്മും അനുവദിച്ചിരുന്നു. 2012 മാർച്ച് നാലുമുതൽ 27 വരെ ഇന്ത്യയിലുണ്ടായിരുന്ന സമയത്താണ് 22നും 26നും ഇടയിൽ ബ്രസീലിലെ എടിഎമ്മുകളിലൂടെ പണം പിൻവലിച്ചതായി അറിഞ്ഞത്. 26ന് എടിഎം കാർഡ് ബ്ലോക്ക് ചെയ്യിച്ചു. നഷ്ടപ്പെട്ട പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ബാങ്കിന് പരാതി നൽകിയെങ്കിലും തള്ളി. തുടർന്ന് പാലാ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയും തള്ളി. സബ് കോടതിയിൽ നൽകിയ അപ്പീൽ ഹർജിയിൽ നഷ്ടമായ തുക നൽകാൻ ബാങ്കിനോട് ഉത്തരവിട്ടു. ഇതിനെതിരെ എസ്ബിടി പാലാ ശാഖയിലെ ചീഫ് മാനേജർ സമർപ്പിച്ച ഹർജിയാണ് കോടതി പരി?ഗണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക ഉപാധികളടങ്ങുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കും അക്കൗണ്ട് ഉടമയും തമ്മിലെ ബന്ധം തുടങ്ങുന്നതെന്ന് കോടതി വ്യക്തമാക്കി. ഇടപാടുകാരന് ബാങ്ക് നൽകുന്ന സുരക്ഷിതത്വം സംബന്ധിച്ച ബാധ്യതയും കരാറിന്റെ ഭാഗമാണ്. ഇടപാടുകാരനുമായുള്ള ഈ സുരക്ഷാ ബാധ്യതയിൽനിന്ന് ബാങ്കിന് ഒഴിഞ്ഞുമാറാനാവില്ല. ഒരു സൗകര്യം ഇടപാടുകാരന് അനുവദിക്കുമ്‌ബോൾ അയാളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള ബാധ്യതകൂടി ബാങ്കിനുണ്ട്. അവരുടെ അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിക്കാൻ കഴിയുന്ന അവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകണം. അനധികൃതമായി അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെടുന്നതു മൂലമുണ്ടാകുന്ന നഷ്ടത്തിന് ബാങ്ക് ഉത്തരവാദിയാണ്.

ഇലക്‌ട്രോണിക് ബാങ്കിങ് ഇടപാടുകൾ നടത്തുന്നവരുടെ നിക്ഷേപത്തുകയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ ബാങ്കുകൾക്കും 2017 ജൂലൈ ആറിലെ സർക്കുലറിലൂടെ റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. ഹർജി കോടതി തള്ളി.