രാജ്യത്ത് നോട്ട് നിരോധനത്തിന് ശേഷം വൻ തൊഴിൽ നഷ്ടം; റിപ്പോർട്ട് പൂഴ്ത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങൾ രാജിവെച്ചു.
സ്വന്തം ലേഖകൻ
ദില്ലി: ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള മോദി സർക്കാരിന്റെ നീക്കം അവസാനിക്കുന്നില്ല.
നോട്ട് നിരോധനം നടപ്പാക്കിയതിനുശേഷമുള്ള തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്രസർക്കാർ പൂഴ്ത്തിവെച്ചെന്ന് ദേശീയ മാധ്യമങ്ങൾ. കേന്ദ്ര സർക്കാരിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങൾ രാജിവെച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ സാംമ്പിൾ സർവേ ഓർഗനൈസേഷന്റെ ആദ്യ വാർഷിക റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി സി മോഹനൻ, ജെ വി മീനാക്ഷി എന്നിവർ ജോലിയിൽ നിന്ന് രാജിവെച്ചു.
ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധമുയർത്തിയാണ് ഇരുവരും രാജിവെച്ചത്. രാജിവെച്ച പി സി മോഹനൻ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ കൂടിയാണ്.
ഇന്ത്യൻ എക്‌സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നോട്ടു നിരോധനത്തിന് ശേഷം 2017-2018 കാലഘട്ടത്തിൽ ഭീമമായ തൊഴിൽ നഷ്ടം റിപ്പോർട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
ഇത് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വലിയ രീതിയിൽ ബാധിക്കുമെന്ന ഭയം കേന്ദ്ര സർക്കാറിനുള്ളിലുണ്ട്.റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കുകയാണ് സാധാരണ പതിവ്്.
എന്നാൽ തങ്ങൾ റിപ്പോർട്ട് നൽകി രണ്ടുമാസമായിട്ടും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും കമ്മീഷനെ സർക്കാർ ഗൗരവത്തോടെ കാണുന്നില്ലെന്നും പി സി മോഹനൻ പറഞ്ഞു.
2017 ൽ അംഗങ്ങളായ പി സി മോഹനനും ജെ വി മീനാക്ഷിയ്ക്കും 2020 വരെയാണ് കാലാവധി. എന്നാൽ തൊഴിൽ സർവ്വേ ഡാറ്റ ദേശീയ സാമ്ബിൾ സർവ്വേ ഓഫ് ഇന്ത്യ പരിഗണിച്ചു വരുന്നതേയുള്ളുവെന്നും കമ്മീഷന്റെ നിർദേശങ്ങൾ സർക്കാർ എല്ലാ ഘട്ടത്തിലും പരിഗണിക്കാറുണ്ടെന്നും കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
ജിഡിപി വിവരങ്ങൾ പുറത്തു വിട്ടത് കമ്മീഷൻ നിർദേശ പ്രകാരമാണെന്നും കേന്ദ്രം ന്യായീകരിച്ചു.