
സ്വന്തം ലേഖകൻ
വാളയാര്‍: കോയമ്പത്തൂരിൽ നിന്നും മിനി ലോറിയില്‍ പച്ചക്കറി ചാക്കിനടിയില്‍ ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.75 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി സഹോദരങ്ങള്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ലോറിയില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആലുവ നാലാം മൈല്‍ മണിയന്‍പാറയില്‍ മീദീന്‍കുഞ്ഞ് (52), സഹോദരന്‍ സലാം (41) എന്നിവരെയാണു ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
പച്ചക്കറി ചാക്കുകള്‍ക്കടിയില്‍ ബാഗിലാണു പണം സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ ഒരു കെട്ടും ബാക്കി 500 രൂപയുടെ കെട്ടുകളുമായാണ് പണം സൂക്ഷിച്ചത്. കോയമ്പത്തൂർ വഴിയെത്തിച്ചതെന്നു കരുതുന്ന കുഴല്‍പണം ഇവിടെ നിന്ന് ഏജന്റ് മുഖേന വാങ്ങി ആലുവയിലെത്തിക്കാനായിരുന്നു ശ്രമം. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയില്‍ ഹാജരാക്കുന്ന പണം ആദായനികുതി വകുപ്പിനു കൈമാറും. പൊലീസിനൊപ്പം തന്നെ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും തുടരന്വേഷണം നടത്തും. സ്ഥിരം പണം കടത്തുന്ന സംഘമാണെന്നും ലോക്ഡൗണ്‍ മൂലം മറ്റു വഴികള്‍ അടഞ്ഞതോടെയാണു പച്ചക്കറി വാഹനത്തില്‍ കടത്തിയതെന്നുമാണ് പൊലീസിന്റെ നിഗമനം. കൊവിഡ് പശ്ചാത്തലത്തിൽ കൂടുതല്‍ പരിശോധനകള്‍ നടക്കില്ല എന്ന വിശ്വാസത്തിലണ് പച്ചക്കറി വണ്ടിയില്‍ പണം കടത്തിയത്. എന്നാല്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു.
അതേസമയം, കര്‍ശന പരിശോധന മറികടന്ന് കോയമ്പത്തൂരിൽ പണമെത്തിച്ചത് സംശയത്തിനിടയാക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് വാളയാര്‍ സിഐ പി.എം.ലിബി അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിനു ലഭിച്ച വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്‌പിമാരായ ആര്‍.മനോജ് കുമാര്‍, എം.കെ.കൃഷ്ണന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണു ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാര്‍ പൊലീസും പരിശോധന നടത്തിയത്.
ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്ന പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബിറ്റിയുടെ പരിശോധന മികവാണു പ്രതികളെ കുടുക്കിയത്. വാഹനത്തിന് മുകളില്‍ വലിയ പടുത വലിച്ചു കെട്ടിയിരുന്നു. ഇതിനടിയില്‍ പച്ചക്കറിച്ചാക്കിനും താഴെയാണു പണം സൂക്ഷിച്ചിരുന്നത്. ബിറ്റി ചാക്കുകള്‍ക്കടിയില്‍ കയറി പരിശോധിക്കുന്നതിനിടെയാണു ബാഗും നോട്ടുകെട്ടുകളും കണ്ടെത്തിയത്.
വാളയാര്‍ സിഐ പി.എം.ലിബി, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐമാരായ വി.ജയകുമാര്‍, ടി.ആര്‍.സുനില്‍കുമാര്‍, സീനിയര്‍ സിപിഒ വിജയാനന്ദ്, സിപിഒമാരായ എച്ച്.ഷാജഹാന്‍, ആര്‍.രാജീദ്, രാജീവ്, ഫെലിക്‌സ്, ശിവദാസന്‍, വിനിഷ്, ഷിബു, പ്രിന്‍സ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.