സിഎസ്‌ആര്‍ ഫണ്ട് ഉപയോഗിച്ച്‌ സ്കൂട്ടർ പകുതി വിലയ്ക്ക് ; സാമ്പത്തിക തട്ടിപ്പിനിരയായവരിൽ എരുമേലിക്കാരും കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍പ്പെട്ടവരും ; ടിവിഎസ് കാഞ്ഞിരപ്പള്ളി, യമഹ കാഞ്ഞിരപ്പള്ളി എന്നിങ്ങനെ വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചാണ് തട്ടിപ്പ് ; അറസ്റ്റിലായ അനന്ദു കൃഷ്ണൻ 800 കോടിയോളം തട്ടിയതായി പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍

Spread the love

എരുമേലി: പ്രമുഖ കമ്പനികളുടെ സിഎസ്‌ആര്‍ ഫണ്ട് ഉപയോഗിച്ച്‌ പകുതി വിലയ്‌ക്ക് സ്കൂട്ടർ നല്‍കാമെന്ന വാഗ്ദാനത്തിലൂടെ തട്ടിപ്പിനിരയായവരില്‍ എരുമേലിക്കാരും കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍പ്പെട്ടവരും.

‌യമഹ, സുസുക്കി, ടിവിഎസ്, ഹോണ്ട എന്നിങ്ങനെ വിവിധ സ്കൂട്ടർ കമ്പനികളുടെ കാഞ്ഞിരപ്പള്ളി എന്ന പേരില്‍ വാട്സ്‌ആപ്പ് ഗ്രൂപ്പുകളും സൊസൈറ്റിയുടെ പേരില്‍ കമ്യൂണിറ്റി ഗ്രൂപ്പും എരുമേലി ഉള്‍പ്പെടെ കാഞ്ഞിരപ്പള്ളി താലൂക്ക് മേഖലയില്‍ പ്രചരിക്കുകയും നിരവധി പേർ ഇതില്‍ അംഗങ്ങളാവുകയും ചെയ്തിരുന്നു. ഏത് കമ്ബനിയുടെ സ്കൂട്ടർ വേണമെന്ന് അറിയിച്ചാല്‍ ആ കമ്ബനിയുടെ പേരില്‍ ടിവിഎസ് കാഞ്ഞിരപ്പള്ളി, യമഹ കാഞ്ഞിരപ്പള്ളി എന്ന രീതിയിലാണ് വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നത്.

ഗ്രൂപ്പുകളെ നിയന്ത്രിച്ചിരുന്ന കമ്യൂണിറ്റി ഗ്രൂപ്പ്‌ പ്രവർത്തിച്ചിരുന്നത് സർദാർ പട്ടേലിന്‍റെ പേരിലുള്ള വിദ്യാഭ്യാസ ഗവേഷണ സ്ഥാപനത്തിന്‍റെ ഭാഗമായി രജിസ്റ്റർ ചെയ്ത സോഷ്യോ ഇക്കണോമിക് സൊസൈറ്റിയായിരുന്നു. ഇതിന്‍റെ തലപ്പത്ത് മേഖലയിലെ ഒരു മുൻ പഞ്ചായത്ത്‌ അംഗവും ഉള്‍പ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പുകേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ കോളപ്ര ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണൻ (26) ആണ് മൂവാറ്റുപുഴയില്‍ അറസ്റ്റിലായത്. ഇതോടെയാണ് തട്ടിപ്പിനിരയായവരുടെ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചെറിയ തുക നഷ്‌ടപ്പെട്ടവരാണ് ഏറെയും. എരുമേലി, മുണ്ടക്കയം, കോരുത്തോട്, മണിമല, പാറത്തോട് ഉള്‍പ്പെടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ ഒട്ടേറെ പേർ തട്ടിപ്പില്‍ കുടുങ്ങിയതായി സൂചനയുണ്ട്.

എരുമേലിയില്‍ ഇരുമ്ബൂന്നിക്കര, തുമരംപാറ മേഖലകളില്‍ ആദ്യം പകുതി വിലയ്ക്ക് സ്കൂള്‍ ബാഗ് നല്‍കിയായിരുന്നു തുടക്കം. തുടർന്നാണ് പകുതി വിലയ്ക്ക് സ്കൂട്ടർ നല്‍കാമെന്ന് പറഞ്ഞ് ആളുകളെ വിവിധ വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ചേർത്തുതുടങ്ങിയത്. മുൻ പഞ്ചായത്ത്‌ അംഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു കാമ്ബയിൻ. മുഖ്യ പ്രതി അറസ്റ്റിലായ ശേഷം വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിയുടെ ശബ്ദസന്ദേശം വന്നിരുന്നു. ആരും കേസ് നല്‍കരുതെന്നും അടച്ച പണം തിരിച്ചു തരുമെന്നുമായിരുന്നു സന്ദേശം.

ഇയാള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 800 കോടിയോളം തട്ടിയതായാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഒമ്ബത് കോടിയുടെ തട്ടിപ്പാണ് പോലീസ് കണ്ടെത്തിയത്. എരുമേലി മേഖലയില്‍ സർദാർ പട്ടേല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്‍റല്‍ സ്റ്റഡീസ് എന്ന സ്ഥാപനത്തിന്‍റെ ഭാഗമായി സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്‍റ് സൊസൈറ്റിയുടെ പേരിലാണ് പണം വാങ്ങിയിരുന്നതെന്ന് പറയുന്നു. ഈ സൊസൈറ്റിയിലൂടെ ഹോം അപ്ലൈന്‍സസ്, വാട്ടര്‍ ടാങ്ക്‌, ഫെര്‍ട്ടിലൈസേഴ്‌സ്, ലാപ്‌ടോപ്, തയ്യല്‍മെഷീന്‍ എന്നിവ 50 ശതമാനം ഇളവില്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു.

നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററാണ് താനെന്നും രാജ്യത്തെ വിവിധ കമ്ബനികളുടെ സിഎസ്‌ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ഈ സൊസൈറ്റിയിലൂടെ പ്രതി അനന്ദു കൃഷ്ണൻ അറിയിച്ചിട്ടുണ്ടായിരുന്നു. ഇത് ഉള്‍പ്പെടെ 62 സീഡ് സൊസൈറ്റികള്‍ മുഖേന പ്രതി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ ലഭ്യമായ വിവരം.

സംസ്ഥാനത്ത് അടുത്തകാലത്ത് നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. വലിയ തുക നഷ്‌ടമായവർ എങ്ങനെ തുക തിരിച്ചുപിടിക്കുമെന്ന ആശങ്കയിലാണ്. പകുതി വിലയ്ക്ക് പുതിയ സ്കൂട്ടർ ലഭിക്കുമെന്ന വാഗ്ദാനം തട്ടിപ്പാണെന്നും ആരും പണം നല്‍കരുതെന്നും മുന്നറിയിപ്പ് കഴിഞ്ഞയിടെ വന്നതോടെയാണ് പലരും തട്ടിപ്പില്‍ കുടുങ്ങാതിരുന്നത്. എന്നാല്‍, മുന്നറിയിപ്പ് വകവയ്ക്കാതെ പണം നല്‍കിയവരുണ്ടെന്ന് സൊസൈറ്റിയുടെ പേരിലുള്ള വിവിധ വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ വ്യക്തമായിട്ടുണ്ട്.