
തേർഡ് ഐ ബ്യൂറോ
പൂവൻതുരുത്ത്: പൂവൻതുരുത്ത് വ്യവസായ മേഖലയിൽ ക്രഷറിൽ വീണു മരിച്ചത് ബീഹാർ സ്വദേശി. ക്രഷർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണാണ് ബീഹാർ സ്വദേശി മരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ആറിനുണ്ടായ ദുരന്തത്തിലാണ് ബീഹാർ സ്വദേശിയായ നാരായൺ (29) മരിച്ചത്. പൂവൻതുരുത്ത് വ്യവസായ മേഖലയിലെ മണക്കാട്ട് ക്രഷർ യൂണിറ്റിലെ, യൂണിറ്റ് ഓഫ് ചെയ്ത ശേഷം പാറപൊടിക്കുന്നത് വൃത്തിയാക്കാൻ കയറിയപ്പോഴാണ് ഇദ്ദേഹം കാൽവഴുതി യൂണിറ്റിനുള്ളിലേയ്ക്കു വീണത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാരായൺ വീണത് കണ്ട് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ബഹളം വച്ച് ഓടിയെത്തി. തുടർന്നു, ക്രഷർ യൂണിറ്റ് ഓഫ് ചെയ്തു വീണയാളെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, ഇദ്ദേഹം ക്രഷറിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. തൊഴിലാളികളുടെ ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി.
പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം ക്രഷർ യൂണിറ്റിൽ നിന്നും പുറത്തെടുത്തത്. ചോർപ്പിന്റെ ആകൃതിയിലുള്ളതാണ് കോൺക്രീറ്റ് ടാങ്ക്. ഇതിന് 12 അടിയോളം ആഴമുണ്ട്.
ടാങ്കിന്റെ മുകളിലൂടെ രക്ഷാപ്രവർത്തനം അസാധ്യമായതിനാൽ അടിവശം പൊട്ടിച്ചാണ് തൊഴിലാളിയെ പുറത്തെടുത്തത്. ടാങ്കിൽ നിറയെ പാറപ്പൊടിയുണ്ടായിരുന്നു. കോൺക്രീറ്റ് കട്ടറും ജാക്ക്ഹാമറും ഉപയോഗിച്ചാണ് ടാങ്കിന്റെ അടിഭാഗം തകർത്തത്.
മൃതദേഹം പുറത്തെടുത്ത ശേഷം അഗ്‌നിരക്ഷാസേനയുടെ ആംബുലൻസിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോട്ടയം ഈസ്റ്റ് സി. ഐ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ഫയർ ഓഫീസർ കെ. ആർ. ഷിനോയിയുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേനയുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.