
കൊവിഡ് കാലത്ത് ഈ നാടകം വേണ്ടിയിരുന്നോ..! ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തിയ മാലം സുരേഷിനു കോടതിയുടെ ശാസന; അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ സുരേഷ് വെള്ളിയാഴ്ച ഹാജരാകും
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയിൽ ജാമ്യം ആവശ്യപ്പെട്ട് കോടതിയിൽ ഹാജരായ മാലം സുരേഷിനു കോടതിയുടെ വിമർശനം. പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങാൻ സാധിക്കുമായിരുന്ന കേസിൽ, കോടതിയുടെ സമയം കളഞ്ഞതിനാണ് ഇപ്പോൾ കോടതി വിമർശനം ഉന്നയിച്ചിരിക്കുന്നത്. വിമർശനം ഉന്നയിച്ചെങ്കിലും മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷിനു കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ 11 നാണ് മണർകാട് ടൗണിലെ ക്രൗൺ ക്ലബിൽ നടത്തിയ റെയിഡിൽ ജില്ലാ പൊലീസ് 18 ലക്ഷം ലക്ഷം രൂപയുമായി 43 പേരെ പിടികൂടിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ക്രൗൺ ക്ലബിന്റെ സെക്രട്ടറിയാണ് മാലം സുരേഷ് എന്നു കണ്ടെത്തിയത്. തുടർന്നു സുരേഷിനെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ തയ്യാറാകാതിരുന്ന മാലം സുരേഷ് ആദ്യം കോട്ടയം സെഷൻസ് കോടതിയെ ജാമ്യാപേക്ഷയുമായി സമീപിക്കുകയായിരുന്നു. എന്നാൽ, കോടതി സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി. തുടർന്നു, കീഴ്‌ക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച മാലം സുരേഷ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായത്. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ട ദിവസം തന്നെയാണ് സുരേഷ് ജാമ്യാപേക്ഷയുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.
സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, രൂക്ഷമായ പ്രതികരണമാണ് കോടതി നടത്തിയത്. പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം എടുക്കാൻ സാധിക്കുന്ന കേസിൽ എന്തിനാണ് കോടതിയുടെ സമയം മെനക്കെടുത്തിയത് എന്നായിരുന്നു കോടതി സുരേഷിന്റെ അഭിഭാഷകനോട് ചോദിച്ചത്. മാലം സുരേഷും കൂട്ടു പ്രതിയായ ക്ലബ് പ്രസിഡന്റ് കെ.എം സന്തോഷും, ഇവരുടെ രണ്ടു വീതം ജാമ്യക്കാരും അഭിഭാഷകരും അടക്കം കോടതിയിൽ എത്തിയതിനെയാണ് കോടതി വിമർശിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ ഇത്തരത്തിൽ കോടതിയിൽ ആൾക്കൂട്ടം എത്തിയത് അംഗീകരിക്കാനാവില്ലെന്നും ജഡ്ജി വിമർശിച്ചു., പൊലീസ് നോട്ടീസ് നൽകിയ സാഹചര്യത്തിൽ വെള്ളിയാഴ്ച മാലം സുരേഷ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഓഫിസിൽ നേരിട്ട് ഹാജരാകും. ചീട്ടുകളിക്കേസിൽ കാഞ്ഞിരപ്പള്ളി ഡി വൈ.എസ്.പി ജെ.സന്തോഷ്‌കുമാറിനു മുന്നിൽ മൊഴി നൽകുന്നതിനായാണ് സുരേഷ് ഹാജരാകുന്നത്.