കാക്ക കൊത്തിപോയത് കസ്തൂരി മാമ്പഴം അല്ല, പൊൻ വള; മൂന്നുവർഷം മുമ്പ് തുണി അലക്കുന്നതിനിടെ രുഗ്മിണി ഊരിവെച്ച ഒന്നര പവൻ്റെ സ്വർണ്ണവള തിരിച്ചുകിട്ടിയത് കാക്കക്കൂട്ടിൽ നിന്ന്

Spread the love

മലപ്പുറം: കാത്ത് സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊണ്ടുപോയ കഥ എല്ലാവർക്കും പരിചിതമാണ്. അതുപോലെ തന്നെ, കാക്ക നെയ്യപ്പം കൊണ്ടുപോയതും നാം പലപ്പോഴും കേട്ടിട്ടുള്ളതാണ്.

എന്നാല്‍, കാക്ക ആഭരണം കുത്തിയെടുത്ത് പോയതും പിന്നീട് അതേ ആഭരണം തിരികെ കിട്ടിയതിനേക്കുറിച്ചും, അങ്ങനെയാരും തന്നെ കേൾക്കാൻ സാധ്യതയില്ല.

എന്നാൽ അത്തരമൊരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് തൃക്കലങ്ങോട്ടുകാർ. മലപ്പുറം തൃക്കലങ്ങോട് സ്വദേശി സുരേഷ് -രുഗ്മിണി ദമ്പതികൾക്കാണ് മൂന്ന് വർഷം മുൻപ് കാക്ക കടത്തിക്കൊണ്ടുപോയ വള തിരികെ ലഭിച്ചത്. മൂന്നുവർഷങ്ങൾക്കു മുമ്പ് രുഗ്മിണി തുണി അലക്കുന്നതിനിടെ സ്വർണം ഊരി അലക്കുകല്ലിൽ വയ്ക്കുകയും, അതിനു മുകളിലായി ഒരു തോർത്തുമുണ്ട് വിരിക്കുകയും ചെയ്തു. എന്നാൽ അടുത്തുള്ള മരത്തിലുണ്ടായിരുന്ന കാക്ക തോർത്തുമുണ്ട് മാറ്റി വളയുമായി പറന്നു. രുക്മിണി പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരെല്ലാം ചേർന്ന് പരിസരമാകെ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഉണ്ടായിരുന്ന പ്രതീക്ഷയും കൈവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവില്‍ ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ സംഭവം ഉണ്ടായത്. സുരേഷിന്റെ വീടിന് അടുത്തുള്ള മാവില്‍ മാങ്ങ പറിക്കാൻ കയറിയ ചെറുപള്ളി സ്വദേശിയും തെങ്ങുകയറ്റക്കാരനുമായ അൻവർ സാദത്തിന് ഒന്നരപവനോളം തൂക്കം വരുന്ന മുറിഞ്ഞുകിടക്കുന്ന വളക്കഷ്‌ണങ്ങള്‍ ലഭിച്ചു. മാങ്ങ പറിക്കുന്നതിനിടെ നിലത്തേക്ക് വീണ കാക്കക്കൂട്ടിനുള്ളിലാണ് വള ഉണ്ടായിരുന്നത്. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സ്വർണമാണെന്ന് മനസ്സിലായത്. ഇതോടെ തൃക്കലങ്ങോട് പൊതുജന വായനശാലയിലെത്തി കാര്യം അറിയിച്ചു.

ശേഷം വായനശാലയുടെ നേതൃത്വത്തില്‍ നോട്ടീസ് ബോർഡില്‍ പരസ്യപ്പെടുത്തി. രുഗ്മിണിയുടെ ഭർത്താവ് സുരേഷ് കഴിഞ്ഞദിവസം വായനശാലയിലെത്തിയപ്പോഴാണ് നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടത്. തൂക്കവും സ്വർണം വാങ്ങിയ ബില്ലും എത്തിച്ചതോടെ വായനശാല ഭാരവാഹികളെ സാക്ഷി നിർത്തി അൻവർ സ്വർണം കൈമാറി. ഗ്രന്ഥാലയം വൈസ് പ്രസിഡന്‍റ് ശങ്കരൻ എമ്ബ്രാന്തിരി, സെക്രട്ടറി ഇ.വി. ബാബുരാജ്, ജോയന്‍റ് സെക്രട്ടറി വി. വിജയലക്ഷ്മി, ഷാജി പടിഞ്ഞാറെ കൊല്ലേരി, കുഞ്ഞി മുഹമ്മദ് പൂളക്കുന്നൻ, രാമചന്ദ്രൻ തമ്ബാപ്ര എന്നിവർ സംബന്ധിച്ചു.