play-sharp-fill
വീണ്ടും ക്രിമിനലുകളുടെ തേർവാഴ്ചയിൽ കോട്ടയം നഗരം: കഞ്ചാവ് അക്രമി സംഘങ്ങൾ നഗരത്തിൽ അഴിഞ്ഞാടുന്നു; ഒരാഴ്ചയ്ക്കിടെ അക്രമമുണ്ടായത് മൂന്നിടത്ത്; ആർപ്പൂക്കരയ്ക്കും തിരുവാർപ്പിനും പിന്നാലെ അക്രമം നഗരമധ്യത്തിലും

വീണ്ടും ക്രിമിനലുകളുടെ തേർവാഴ്ചയിൽ കോട്ടയം നഗരം: കഞ്ചാവ് അക്രമി സംഘങ്ങൾ നഗരത്തിൽ അഴിഞ്ഞാടുന്നു; ഒരാഴ്ചയ്ക്കിടെ അക്രമമുണ്ടായത് മൂന്നിടത്ത്; ആർപ്പൂക്കരയ്ക്കും തിരുവാർപ്പിനും പിന്നാലെ അക്രമം നഗരമധ്യത്തിലും

ക്രൈം ഡെസ്‌ക്

കോട്ടയം: ഒരിടവേളയ്ക്കു ശേഷം നഗരം വീണ്ടും അക്രമികളുടെയും ഗുണ്ടകളുടെയും പിടിയിൽ. ലഹരിമാഫിയ സംഘങ്ങളുടെ അക്രമവും അഴിഞ്ഞാട്ടവും വ്യാപകമായിരിക്കുകയാണ്. ആർപ്പൂക്കരയിലും, തിരുവാർപ്പിലും അക്രമം നടത്തിയ കഞ്ചാവ് മാഫിയ സംഘത്തിനു പിന്നാലെയാണ് ഇപ്പോൾ നഗരമധ്യത്തിലും ആക്രമണമുണ്ടായിരിക്കുന്നത്. പൊലീസിന്റെ മൂക്കിൻ തുമ്പിൽ പോലും മാഫിയ സംഘങ്ങൾ അഴിഞ്ഞാടുന്ന സ്ഥിതി കോട്ടയം നഗരത്തിൽ അതീവ ഗുരുതരമായി തുടരുകയാണ്. നഗരമധ്യത്തിൽ പോലും ആക്രമണമുണ്ടായ സാഹചര്യത്തിൽ നിലവിൽ കോടിമതയിലുള്ള പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്കു മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമായി. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ കോട്ടയം നഗരത്തിലെ വ്യവസായി ശ്രീകുമാർ സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മുഖ്യമന്ത്രിയ്ക്കും കത്ത് അയച്ചിരുന്നു. എന്നാൽ, ഈ ആവശ്യം പരിഗണിച്ച് പൊലീസ് സ്റ്റേഷന് കെട്ടിടം കണ്ടെത്തുന്നതിനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചിരുന്നെങ്കിലും ഇത് എങ്ങും എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസ് സ്റ്റേഷൻ എത്രയും വേഗം കോട്ടയം നഗരമധ്യത്തിലേയ്ക്കു മാറ്റണം എന്നാവശ്യപ്പെട്ട് ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
തിരുനക്കര മൈതാനത്തിന്റെ എതിർവശത്തുള്ള ജോസ്‌കോ ജുവലറിയ്ക്കു വേണ്ടിയാണ് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നഗരസഭ കെട്ടിടം നിർമ്മിക്കാത്തത് എന്ന ആരോപണം ശക്തമാണ്. നഗരസഭയ്ക്കു ലക്ഷങ്ങൾ വരുമാനം ലഭിക്കാൻ സാധിക്കുന്ന വൻ ഷോപ്പിംങ് കോംപ്ലക്‌സ് തന്നെ ഇവിടെ നിർമ്മിക്കാമെന്നിരിക്കെയയാണ് ഇവിടെ കെട്ടിടം നിർമ്മിക്കാത്തതും പൊലീസ് സ്റ്റേഷൻ നഗരമധ്യത്തിലേയ്ക്കു മാറ്റാത്തതും.
തിരുവോണത്തലേന്ന് ആർപ്പൂക്കരയിലായിരുന്നു ആദ്യം കഞ്ചാവ് സംഘം അഴിഞ്ഞാടിയത്. ഡിവൈഎഫ്‌ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച അക്രമി സംഘം പ്രദേശത്ത് അഴിഞ്ഞാടുകയും ചെയ്തിരുന്നു. തുടർന്ന് തിരുവാർപ്പിലായിരുന്നു രണ്ടാമത്തെ അക്രമം. പകിടകളിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ അക്രമി സംഘം കടയ്ക്കു മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഇതിന് ശേഷമാണ് ഇപ്പോൾ നഗരമധ്യത്തിൽ പട്ടാപ്പകൽ അക്രമി സംഘം കൊറിയർ സ്ഥാപനത്തിനുള്ളിൽ കയറി ആക്രമണം നടത്തിയതും ഒരു ലക്ഷത്തോളം രൂപ പിടിച്ചുപറിച്ചതും.