
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ പിതാവ് ഷിജിൻ കുറ്റം സമ്മതിച്ചു.കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റിൽ ഇടിച്ചുവെന്നാണ് കുട്ടിയുടെ അച്ഛൻ ഷിജിന്‍റെ മൊഴി.
നെയ്യാറ്റിൻകര ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.
കുട്ടിയുടെ അച്ഛൻ ഷിജിനെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും. ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ശനിയാഴ്ചയാണ് ചികിത്സയിലിരിക്കെ ഒരു വയസ്സുകാരൻ മരിച്ചത്. മരണത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് കുട്ടിയുടെ അച്ഛന്‍റെ കുറ്റസമ്മതം. അച്ഛൻ കുറ്റം സമ്മതിച്ചതോടെ കൊലപാതകമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുക്കും.
പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് കണ്ടെത്തിയെങ്കിലും അതിനുള്ള കാരണം തിരിച്ചറിയാനായിരുന്നില്ല. കുഞ്ഞിന്‍റെ വയറ്റിൽ ക്ഷതമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
സംഭവത്തിനുശേഷം കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ഇവരെ ചോദ്യം ചെയ്തപ്പോള്‍ കാര്യമായ വിവരം ലഭിച്ചിരുന്നില്ല.
നെയ്യാറ്റിൻകര കവളാകുളത്താണ് ഷിജിൻ-കൃഷ്ണപ്രിയ ദമ്പതികളുടെ ഒരു വയസുള്ള കുട്ടിയുടെ മരണം. കുഞ്ഞിന്‍റെ കയ്യിൽ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുമുണ്ടായിരുന്നു.
ഇത് അറിഞ്ഞില്ലെന്നായിരുന്നു മാതാപിതാക്കൾ നൽകിയ മൊഴി. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് ഷിജിന്‍റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്.
പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ശനിയാഴ്ച്ച പുലർച്ചെ കുട്ടി മരിച്ചു. വെള്ളിയാഴ്ച്ച രാത്രി ഷിജിൻ വാങ്ങികൊണ്ടുവന്ന ബിസ്കറ്റ് കഴിച്ചശേഷം കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു.
വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. ചുണ്ടിനും വായ്ക്കും നിറ വ്യത്യാസമുണ്ടാവുകയും ചെയ്തു. ഇതിന്‍റെ സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്കും അയച്ചിരുന്നു.



