സ്വന്തംലേഖകൻ
കോട്ടയം :ജോലിസ്ഥലത്തു നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി വഴിയിലുപേക്ഷിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വട്ടിയൂർക്കാവ് സ്വദേശികളായ മിഥുൻ (23), വിനീത് (27), സഹോദരങ്ങളായ അഖിൽ ചന്ദ്രൻ (27), അതുൽ ചന്ദ്രൻ (20) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണുദേവിനെ (23) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11നാണ് കഴക്കൂട്ടത്തെ ജോലി സ്ഥലത്തുനിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ചത്. അയൽവാസിയും സുഹൃത്തുമായ പെൺകുട്ടിക്ക് ഒപ്പം നിൽക്കുന്ന ചിത്രം വിഷ്ണു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് കാരണം. വിഷ്ണുവിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ ആരോപണവിധേയനായ വട്ടിയൂർക്കാവ് എസ്.ഐ പ്രദീപിനെതിരെ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം എസ്.ഐക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ എസ്.ഐക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, മർദനം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റൻറ് കമീഷണർ എസ്. വിദ്യാധരൻെറ നേതൃത്വത്തിൽ ഇൻസ്പെക്ടർ അൻവർ, എസ്.ഐ ഷാജി എന്നിവരടുങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.